ഉഷ്ണപ്രദേശങ്ങളില്‍ വളരുന്ന വിളയാണ് കാച്ചില്‍. മഞ്ഞും ഉയര്‍ന്ന താപനിലയും താങ്ങാനുള്ള കഴിവ് ഇതിനില്ല. 300 അന്തരീക്ഷ ഊഷ്മാവും 120 മുതല്‍ 200 സെന്‍റീമീറ്റര്‍ വരെ മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് അനുയോജ്യം. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പകല്‍ ദൈര്‍ഘ്യം 12 മണിക്കൂറില്‍ കൂടുതലും അവസാനഘട്ടങ്ങളില്‍ കുറഞ്ഞ പകല്‍ ദൈര്‍ഘ്യവും വിളവിനെ തൃപ്തികരമായി സാധിക്കുന്നു. കാച്ചിലിന് നല്ല ഇളക്കമുള്ളതും ആഴം, നീര്‍വാര്‍ച്ചാ, ഫലഭുയിഷ്ഠത എന്നിവ ഉള്ളതുമായ മണ്ണാണ് യോജിച്ചത്. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ കാച്ചില്‍ നന്നായി വളരുകയില്ല.
1.ശ്രീ കീര്‍ത്തി : തെങ്ങിന്‍തോപ്പുകളിലും വാഴത്തോട്ടത്തിലും ഇടവിളയായി കൃഷി ചെയ്യുവാന്‍ യോജിച്ചത്.
2.ശ്രീ രൂപ:- ഇതിന്‍റെ പാചക ഗുണം അത്യുത്തമമാണ്.
3. ഇന്ദു:- തനിവിളയായും കുട്ടനാടന്‍ പ്രദേശങ്ങളില്‍ തെങ്ങിന്‍ തോട്ടത്തില്‍ ഇടവിളയായി കൃഷിചെയ്യാന്‍ യോജിച്ചത്.
4. ശ്രീ ശില്പ :- പാചകത്തിന് യോജിച്ച ഈ ഇനം കാച്ചിലിന്‍റെ ആദ്യ സങ്കര ഇനമാണ്. മൂപ്പ് 8 മാസം കിഴങ്ങുകളില്‍ 33-35 ശതമാനം ഡ്രൈമാറ്റും 17-19 ശതമാനം അന്നജവും 1.4-2 ശതമാനം പ്രോട്ടീനുകളും 0.8 - 1.2 ശതമാനം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.
കാച്ചില്‍ സാധാരണയായി ഒരു തല മാത്രമുള്ളതും വലുപ്പമുള്ളതുമായ ഒറ്റ കിഴങ്ങാണ് ഉല്പാദിപ്പിക്കുന്നത്--. നടുന്നതിനായി എടുക്കുന്ന എല്ലാ കിഴങ്ങുകളിലും മുകുളം കിട്ടുന്നതിനായി കാച്ചില്‍ കിഴങ്ങുകള്‍ 250-300 ഗ്രാം തൂക്കമുള്ള കഷണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കണം. നടുന്നതിനു മുന്പായി ചാണകകുഴന്പില്‍ മുക്കി തണലത്തുണക്കിയെടുക്കണം. ഒരു ഹെക്ടര്‍ പ്രദേശത്തേക്ക് 2500 മുതല്‍ 3000 കിലോഗ്രം കാച്ചില്‍ കിഴങ്ങ് വേണ്ടി വരും.
വേനല്‍കാലം അവസാനിക്കുന്പോള്‍ സാധാരണയായി മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലാണ് കാച്ചില്‍ വിത്തുകള്‍ നടുന്നത്. മഴ ലഭിച്ചു തുടങ്ങുന്നതോടെ അവ മുളയ്ക്കുന്നു. നടാന്‍ വൈകുന്പോള്‍ കാച്ചില്‍ സംഭരണ സ്ഥലത്തുവച്ചു തന്നെ മുളയ്ക്കാറുണ്ട്. അത്തരം കാച്ചില്‍ നടുന്നതിന് യോജിച്ചതല്ല.
അടിവളമായി 10-15 ടണ്‍ കാലിവളമോ കന്പോസ്റ്റോ ചേര്‍ക്കണം. ഹെക്ടറിന് 80:60:80 കിലോഗ്രാം നൈട്രജന്‍ : ഫോസ്ഫറസ് : പൊട്ടാഷ് എന്നിവ രണ്ടു തവണയായി നല്‍കണം. ആദ്യവളപ്രയോഗം നട്ട് ഒരാഴ്ച കഴിഞ്ഞ് മുഴുവന്‍ ഫോസ്ഫറസും പകുതി വീതം നൈട്രജനും പൊട്ടാഷും എന്ന കണക്കില്‍ നല്കണം. ബാക്കിയുള്ള നൈട്രജനും പൊട്ടാഷും ഒന്നാം വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനുശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചുകൊടുക്കുന്നതും ചെയ്യുന്പോള്‍ നല്കണം.
ഇലകള്‍ക്ക് സൂര്യപ്രകാശം നന്നായി ലഭിക്കുന്നതിന് വള്ളികള്‍ പടര്‍ത്തണം. മുളച്ച് 15 ദിവസത്തിനുള്ളില്‍ കയര്‍ ഉപയോഗിച്ച് തുറസ്സായ സ്ഥലങ്ങലില്‍ കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ കൃത്രിമ താങ്ങുകാലുകളിലും ഇടവിളയായി കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ മരങ്ങളിലും പടര്‍ത്താം. തുറസ്സായ സ്ഥലങ്ങളില്‍ കൃഷിചെയ്യുന്പോള്‍ ശാഖകള്‍ ഉണ്ടാകുന്നതനുസരിച്ച് വള്ളികള്‍ ശരിയായി പടര്‍ത്തണം. 3-4 മീറ്റര്‍ ഉയരം വരെ വള്ളികള്‍ പടര്‍ത്താം
നട്ട് 8-9 മാസം കഴിയുന്പോള്‍ കാച്ചില്‍ വിളവെടുക്കാം. വള്ളികള്‍ ഉണങ്ങിക്കഴിയുന്പോള്‍ കിഴങ്ങുകള്‍ക്ക് കേടു വരാതെ വിളവെടുക്കണം.