info@krishi.info1800-425-1661
Welcome Guest

aamugham

ദീര്‍ഘകാലം വാടാതെ സൂക്ഷിക്കാവുന്നവയും ദേശീയ അന്തര്‍ദേശീയ വിപണിയില്‍ നല്ല വില ലഭിക്കുന്നതുമായ പൂക്കളാണ് ഓര്‍ക്കിഡ്. ഭൂരിപക്ഷം ഓര്‍ക്കിഡുകളും ഉഷ്ണമേഖലയില്‍ വളരുന്നവയാണ്. കേരളത്തില്‍ കട്ഫ്ളവര്‍ വ്യവസായത്തില്‍ വന്‍ സാദ്ധ്യതയാണുള്ളത്. കേരളത്തിലെ കാലാവസ്ഥ ഓര്‍ക്കിഡ് കൃഷിക്ക് വളരെയധികം യോജിച്ചിരിക്കുന്നു. വര്‍ഷം തോറും ലഭിക്കുന്ന മഴയാണ് ഒരു ഘടകം. വര്‍ഷത്തില്‍ 300 സെന്‍റീമീറ്ററോളം മഴ കേരളത്തില്‍ ലഭിക്കുന്നു. അന്തരീക്ഷത്തിലെ ആര്‍ദ്രതയാണ് മറ്റൊരു ഘടകം. 50 ശതമാനത്തിനും 70 ശതമാനത്തിനും ഇടയ്ക്കുള്ള ആര്‍ദ്രതയാണ് ഓര്‍ക്കിഡ് കൃഷിക്ക് ഏറ്റവും അനുയോജ്യം. കേരളത്തില്‍ 60% നും 80% നും ഇടയ്ക്കുള്ള ആര്‍ദ്രത ലഭിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള തീരപ്രദേശമാണ് മറ്റൊരു ഘടകം. അതിനാല്‍ അധികം ചൂടു ഒരിക്കലും ഇവിടെ അനുഭവപ്പെടുന്നില്ല. 

 

ഓര്‍ക്കിഡില്‍ 800-ല്‍ പരം ജനുസ്സുകളും മുപ്പത്തയ്യായിരത്തോളം സ്പീഷീസുകളും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനും പുറമേ ഒരു ലക്ഷത്തില്‍പരം സങ്കരഇനങ്ങളും പ്രചാരത്തില്‍ വന്നു കഴിഞ്ഞു.

variety

ഓര്‍ക്കിഡുകളുടെ വിസ്മയിപ്പിക്കുന്ന രൂപവും ഭാവവും നിറവും ഉള്ള പൂക്കള്‍ കണ്ട് പലരും ഓര്‍ക്കിഡ് വളര്‍ത്തുവാന്‍ തയ്യാറാകാറുണ്ട്. വലിയ വില കൊടുത്ത് ഇതിന്‍റെ തൈ അവര്‍ വാങ്ങുകയും ചെയ്യും. എന്നാല്‍ വളര്‍ത്തുന്ന ഇനത്തിന്‍റെ ചിട്ടവട്ടങ്ങള്‍ അറിയില്ലാ എങ്കില്‍, കൈനഷ്ടം വരും എന്നു തീര്‍ച്ച. അതിനാല്‍ ഓര്‍ക്കിഡ് വളര്‍ത്താന്‍ ഒരുങ്ങുന്നതിന് മുന്‍പ് ഈ കുടുംബത്തിലെ പ്രമുഖരെ ഒന്നു പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്.

ഓര്‍ക്കിഡുകള്‍ വളരുന്ന സാഹചര്യത്തിനനുസരണമായി വ്യത്യസ്ഥമായ സ്വഭാവം ചെടിയില്‍ കാണുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഓര്‍ക്കിഡുകളെ രണ്ടു വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. മരങ്ങളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ഇനങ്ങളെ എപ്പിഫൈറ്റിക് ഓര്‍ക്കിഡുകള്‍ എന്നും തറയില്‍ പറ്റിപ്പിടിച്ചു വളരുന്ന ഇനങ്ങളെ ടെറസ്ട്രിയല്‍ ഓര്‍ക്കിഡുകള്‍ എന്നും പറയുന്നു. ഡെന്‍ഡ്രോബിയം, വാണ്ട, ഓണ്‍സീഡിയം, ഫലനോപ്സിസ് മുതലായ എപ്പിഫൈറ്റിക് ഓര്‍ക്കിഡുകളും സ്പോത്തോഗ്ലോട്ടിസ്, ഫെയിസ്, പാഫിയോപീഡുലം മുതലായവ ടെറസ്റ്റിയല്‍ ഓര്‍ക്കിഡുകളുമാണ്. എപ്പിഫൈറ്റിക് ഓര്‍ക്കിഡുകളുടെ ഇലകള്‍ തുകല്‍ പോലുള്ളവയും മാംസളവുമായിരിക്കും. മരങ്ങളില്‍ നിന്നു താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന വേരുകള്‍ വെലമന്‍ റ്റിഷ്യു കൊണ്ടു പൊതിഞ്ഞിരിക്കുന്നു. ഇവ അന്തരീക്ഷത്തില്‍ നിന്നും ഈര്‍പ്പവും ധാതു ലവണങ്ങളും വലിച്ചെടുക്കുന്നു. മണ്ണില്‍ വളരുന്ന ടെറസ്റ്റിയല്‍ ഓര്‍ക്കിഡുകള്‍ക്ക് വീര്‍ത്ത ഒരിനം ഭൂകാണ്ഡങ്ങള്‍ അഥവാ പ്രകന്ദം കാണുന്നു. ഉണക്കു കാലത്തു ഉപയോഗിക്കുവാന്‍ ജലവും ആഹാരവും സംഭരിച്ചു വയ്ക്കുവാന്‍ ഇവ ഉപയോഗിക്കുന്നു

കായിക ഘടനയുടെ അടിസ്ഥാനത്തില്‍ മറ്റൊരു വിഭജനം കാണുന്നു. ഒരേ ദിശയില്‍ തുടര്‍ച്ചയായി വളരുകയും തണ്ട് അനിശ്ചിതമായി നീളുകയും തണ്ടിന്‍റെ എല്ലാഭാഗത്തും അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്ന വായു മൂലങ്ങള്‍ കാണുകയും ഇലയുടെ കക്ഷത്തു നിന്നോ ഇലയുടെ എതിര്‍വശത്തു നിന്നോ പൂങ്കുലകള്‍ ഉണ്ടാകുകയും ചെയ്യുന്ന വിഭാഗത്തെ മോണോപോഡിയല്‍സ് എന്നു വിളിക്കുന്നു

 

രണ്ടാമത്തെ വിഭാഗത്തില്‍ ഒരു സീസണ്‍ കഴിയുമ്പോള്‍ വളര്‍ച്ച അവസാനിപ്പിക്കുകയും അടുത്ത സീസണ്‍ ആകുമ്പോഴത്തേയ്ക്ക് ഒരു പാര്‍ശ്വമുകുളം വളര്‍ന്നു വരുകയും ചെയ്യുന്നു. ഇവയെ സിംപോഡിയല്‍സ് എന്നു പറയുന്നു. മോണോ പോഡിയല്‍ വിഭാഗത്തില്‍ ചെടികളുടെ തണ്ടിന് എന്തെങ്കിലും കേടു പറ്റുകയോ മുറിഞ്ഞു പോകുകയോ ചെയ്താല്‍ ഇതിനു കീഴ്ഭാഗത്തുള്ള ഇല ഇടുക്കില്‍ നിന്നും പുതിയ മുള കിളിച്ചു വരുന്നു. ഇതു വളര്‍ന്ന് പുതിയ ചെടിയായിത്തീരുന്നു. വാണ്ട, അരാക്കനിസ്, അരാണ്ട, ഫലനോപ്സിസ് മുതലായവ മോണോപോഡിയല്‍സും ഡെന്‍ഡ്രോബിയം, കാറ്റ്ലിയ, ഓണ്‍സീസിയം മുതലായവ സിംപോഡിയല്‍സുമാണ്

 

ഓര്‍ക്കിഡുകള്‍ ഏതിനത്തില്‍പ്പെടുന്നു എന്നു നിശ്ചയിക്കുവാന്‍ വളരെയധികം സഹായിക്കുന്നത് അവയുടെ പുഷ്പങ്ങളുടെ ഘടനയാണ്. ഓരോ പൂവിനും 3 സെപ്പലുകള്‍ അഥവാ ബാഹ്യദളങ്ങളും 3 പെറ്റളുകള്‍ അഥവാ ദളങ്ങളും കാണുന്നു. ബാഹ്യദളങ്ങളില്‍ ഒന്ന് ചില സന്ദര്‍ഭങ്ങളില്‍ വലിപ്പത്തില്‍ വലുതും മറ്റ് രണ്ടും ചെറുതുമായിരിക്കും. ദളങ്ങളില്‍ പിന്നിലുള്ള ഒരെണ്ണം രൂപാന്തരപ്പെട്ട് വളര്‍ന്ന് വലുതും മനോഹരമായ നിറത്തോടും കാണപ്പെടുന്നു. ലേബലം അഥവാ ലിപ് എന്ന് ഇതിനെ അറിയപ്പെടുന്നു. പുഷ്പാധരം എന്നും പറയാറുണ്ട്. ലിപ് പല രൂപത്തിലും കാണുന്നു. സഞ്ചി പോലെയും സ്ലിപ്പര്‍ പോലെയും ഫണല്‍ പോലെയും ട്യൂബ് പോലെയും കാണുന്നു. ലിപ്പിന്‍റെ രൂപവും നിറവും നല്ലപോലെ പരിശോധിച്ചു പ്രസ്തുത പുഷ്പം ഏതിനത്തില്‍പെടുന്നു എന്നു നിശ്ചയിക്കാന്‍ കഴിയും. ഓര്‍ക്കിഡിന്‍റെ മറ്റൊരു സവിശേഷത കേസരങ്ങളുടെ എണ്ണം കുറവായിരിക്കുന്നതിനുപരി ജനിയുമായി സംയോജിച്ച് കാളം അഥവാ നാളി  എന്ന അവയവമായി രൂപാന്തരം പ്രാപിക്കുന്നു എന്നതാണ്

 

മോണോപോഡിയല്‍ ഇനങ്ങളില്‍ കേരളത്തില്‍ പ്രചാരമുള്ളത് അരാക്കനിസ്, വാണ്ട, അരാണ്ട, റെനാന്ത്ര,  അരാന്ത്ര മുതലായവയാണ്. അരാക്കനിസിന്‍റെ പൂവിനു ചിലന്തി, തേള്‍ എന്നിവയോടു സാദൃശ്യമുണ്ട്. ഇതിന്‍റെ പൂങ്കുലയ്ക്കു ഒരു മീറ്ററോളം നീളം വയ്ക്കും. ഇതിന്‍റെ പൂവിതളുകളില്‍ മഞ്ഞ വരെയുള്ളവയെ യെല്ലോറിബണെന്നും ചുവന്ന വരയുള്ളവയെ റെഡ്റിബണെന്നും അറിയപ്പെടുന്നു. വലിയ പൂക്കളുള്ള മറ്റൊരിനമാണ് കപ്പാമ. സുമാത്ര, ഇസ്ബെല്ല എന്നീ ഇനങ്ങളും കേരളത്തില്‍ കണ്ടുവരുന്നുണ്ട്.

ഏറ്റവും കൂടുതല്‍ പ്രചാരമുള്ളത് വാണ്ട ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡുകളാണ്



വാന്‍ഡ 

സര്‍വ്വസാധാരണമായി നട്ടുവളര്‍ത്തുന്ന ഒരിനം ഓര്‍ക്കിഡാണ് വാന്‍ഡ. ഇതിന് വാണിജ്യ പ്രാധാന്യമുണ്ട്. വാന്‍ഡ തന്നെ രണ്ട് തരമുണ്ട്. സ്റ്റ്രാപ്പ് ലീഫ്ഡ് വാന്‍ഡയും ടെറേറ്റ് വാന്‍ഡയും.

സ്റ്റ്രാപ്പ് ലീഫ്ഡ് വാന്‍ഡ

ഇതിന് വീതി ഇലയന്‍ വാന്‍ഡ എന്നു പറയാം. ഇതിന്‍റെ ഇലകള്‍ സ്റ്റ്രാപ്പു പോലെ കട്ടിയും വീതിയുമുള്ളതാണ്. ഇലകള്‍ അടുത്തടുത്തായി വളരും. മരത്തിലും മറ്റു പറ്റിപ്പിടിച്ചു വളരുന്ന വാന്‍ഡ ടെസ്ലേറ്റ, വാന്‍ഡ സെറൂളി എന്നിവ സാധാരണ ഇനങ്ങളാണ്. വാന്‍ഡകള്‍, മരത്തില്‍ വച്ചു കെട്ടിയോ, തൂക്കു ചട്ടികളിലോ വളര്‍ത്താം.

ടെറേറ്റ് വാന്‍ഡ

വെയിലത്തു വളരാന്‍ ഇഷ്ടപ്പെടുന്ന ടെറേറ്റ് വാന്‍ഡുകള്‍, പെന്‍സിലിന്‍റെ രൂപത്തില്‍ ഇലകളുള്ളതാണ്. ഇത് വലിയ പൂക്കള്‍ തരും. വളരുന്നതനുസരിച്ച് താങ്ങു നല്‍കണം, തറ യില്‍ വരികളായോ കൂട്ടമായോ വളര്‍ത്താം.

വളരുന്നതിനനുസരണമായി 17:17:17 എന്ന രാസവളമിശ്രിതം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കാം. കൂടാതെ ചാണകപ്പൊടിയും ചേര്‍ക്കാം.

മിസ് ജൊവാക്യം, ജോണ്‍ക്ലബ്, വൈറ്റ് ഫോം, റൂബി പ്രണ്‍സ്, ജോസഫിന്‍ വാന്‍ബ്രെറോ തുടങ്ങിയവ വാന്‍ഡയുടെ ചില വാണിജ്യപ്രാധാന്യമുള്ള ഇനങ്ങളാണ്.

ചട്ടിയിലാണ് നടുന്നതെങ്കില്‍ 22 സെന്‍റീമീറ്റര്‍ വലിപ്പമുള്ള പൂച്ചട്ടിയില്‍ തൊണ്ട്, ഇഷ്ടികക്കഷ്ണം, മരക്കരി എന്നിവ തുല്യയളവില്‍ ചേര്‍ത്ത മിശ്രിതം നിറച്ചിട്ടു നടുക.

അരാക്ക്നിസ് 

\'അരാക്ക്നിസ്\' എന്ന ഗ്രീക്കു പദത്തിനര്‍ത്ഥം \'ചിലന്തി\' എന്നാണ്. ചിലന്തിയോടു സാദൃശ്യമുള്ള പൂക്കള്‍ വിടര്‍ത്തുന്നതുകൊണ്ടാണ് ഈ ഓര്‍ക്കിഡിന് അരാക്ക്നിസ് എന്നു പേരു കിട്ടിയത്. ഉയരത്തില്‍ വളരുന്ന സ്വഭാവമാണ്. അതിനാല്‍ താങ്ങുകള്‍ നല്‍കണം.

അരാക്ക്നിസ് ഓര്‍ക്കിഡ് രണ്ടു തരമുണ്ട്. എല്ലോ റിബണും, റെഡ് റിബണും. എല്ലോ റിബണ്‍ ഇനത്തില്‍ പൂവിതളില്‍ മഞ്ഞ വരകള്‍ ഉണ്ടാവും. എന്നാല്‍ റെഡ് റിബണിലാകട്ടെ ചുവന്ന വരകളാണ് പൂവിതളില്‍ ഉള്ളത്. അരാക്ക്നിസ് ചെടികളുടെ മുകളിലേയ്ക്കു വളരുന്ന ഭാഗം രണ്ടു മൂന്നു വേരുകളോടെ മുറിച്ചു നട്ടു വളര്‍ത്താം. ഇതിന് സൂര്യപ്രകാശം ഇഷ്ടമാണ്.

ഫലനോപ്സിസ്

ഒറ്റക്കന്പായി വളരുന്ന ഒരിനം ഓര്‍ക്കിഡ് ആണിത്. \'ഫലനോപ്സിസ്\' എന്നാല്‍ \'നിശാശലഭത്തോട് സാമ്യമുള്ളത്\' എന്നര്‍ത്ഥം. നിശാശലഭത്തോടു രൂപസാദ്യശ്യമുള്ള പൂക്കള്‍ ആണ് ഈ ഓര്‍ക്കിഡിന് ഫലനോപ്സിസ് എന്നു പേരു നേടിക്കൊടുത്തത്.

ഇതിന്‍റെ ഇലകള്‍ വീതി കൂടി തടിച്ചതും കടുംപച്ചയോ പിങ്കുകലര്‍ന്ന പച്ചയോ നിറം ഉള്ളതുമാണ്. ഫലനോപ്സിസ്, സംവിധാനം മാത്രമേ വളരുകയുള്ളു. ഉയരവും വളരെ കുറവായിരിക്കും.

ഫലനോപ്സിസ് അമാബിലിസ്, ഫലനോപ്സിസ് സാന്‍ഡറാന, ഫലനോപ്സിസ് വയല്യേ, ഫലനോപ്സിസ് പമീല എന്നിവ ഇതിന്‍റെ മികച്ച ഇനങ്ങളാണ്.

ഫലനോപ്സിസ്, തൂക്കു ചട്ടിയില്‍ വളര്‍ത്താം. വേരുകള്‍ക്കു ചുറ്റും ഈര്‍പ്പമുണ്ടായിരിക്കുന്നത് ഈ ഓര്‍ക്കിഡിനിഷ്ടമാണ്. അതിനാല്‍ ചുവട്ടില്‍ ചകിരി വച്ചുകൊടുക്കാം. ഇത് നടാനുള്ള ചട്ടി നേരത്തെ തന്നെ പകുതി മരക്കരി കൊണ്ടു നിറച്ചിരിക്കണം. തൈ നട്ടുകഴിഞ്ഞ് ചുറ്റും കരിക്കഷണങ്ങള്‍ നിരത്തി നിറയ്ക്കണം.

ഉണങ്ങിയ മരക്കഷണങ്ങളില്‍ കെട്ടിത്തൂക്കിയും ഫലനോപ്സിസ് വളര്‍ത്താം. ചിലപ്പോള്‍ ഫലനോപ്സിസിന്‍റെ ചുവട്ടില്‍ നിന്നോ പൂക്കള്‍ കൊഴിഞ്ഞ തണ്ടില്‍ നിന്നോ പുതിയ തൈകള്‍ ഉണ്ടാകാറൂണ്ട്. ഇവ ഇളക്കിയെടുത്ത്ു നടാവുന്നതാണ്.

ഡെന്‍ഡ്രോബിയം

ആയിരത്തോളം ഇനങ്ങളുള്ള ഒരിനം ഓര്‍ക്കിഡാണ് ഡെന്‍ഡ്രോബിയം. ചെടിയുടെ തണ്ടില്‍ ഒന്നുരണ്ടു പൂക്കള്‍ ഉണ്ടാകുന്നവയും, നീണ്ട പൂത്തണ്ടില്‍ നിരവധി പൂക്കള്‍ ഉണ്ടാകുന്നവയും ഉണ്ട്. ഇതില്‍ രണ്ടാമത്തെ ഇനം അലങ്കാരപൂഷ്പം (കട്ട് ഫ്ളവര്‍) എന്ന നിലയ്ക്കുപയോഗിക്കാന്‍ നല്ലതാണ്.

ഏറ്റവും പുതിയ തണ്ട്് ഒന്നോ രണേ്ടാ വേരുകളോടുകൂടി വേര്‍പെടുത്തി, ഡെന്‍ഡ്രോബിയം വളര്‍ത്താം.

മാഡം പാന്പഡോര്‍, സീസര്‍, ജാക്വിലിന്‍ കണ്‍സര്‍ട്ട്, സോണിയ എക്കാപോള്‍ പാന്‍ഡാ, എമ്മാ വൈറ്റ്, പിങ്ക് ഡയമണ്ട്, ഷെരീഫ ഫാത്തിമ എന്നിവയാണ് ഡെന്‍ഡ്രോബിയത്തിന്‍റെ കച്ചവട പ്രാധാന്യമുള്ള ഇനങ്ങള്‍.

ഒണ്‍സീഡിയം 

നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുകയും പൂഷ്പിക്കുകയും ചെയ്യുന്ന ഒരിനം ഓര്‍ക്കിഡാണ് ഒണ്‍സീഡിയം. ഇതിന് താരതമ്യേന രോഗ ശല്യവും കുറവാണ്. \'നൃത്തം ചെയ്യുന്ന പെണ്‍ക്കുട്ടിയുടെ\' രൂപമാണ് ഒണ്‍സീഡിയത്തിന്‍റെ പൂക്കള്‍ക്ക്. അതിനാല്‍ ഇതിന് \'ഡാന്‍സിംഗ് ഗേള്‍\' എന്നും പറയുന്നു. \'ഗോള്‍ഡന്‍ ഷവര്‍\' എന്നും ഒണ്‍സീഡിയത്തെ വിളിക്കാറുണ്ട്. തടിച്ചു പരന്ന ചുവടും ചെറിയ ഇലകളുമാണ് ഇതിന്‍റെ പ്രത്യേകത. വളരെ വേഗം വളരും.

ഒണ്‍സീഡിയം പൂക്കള്‍, പൂഷ്പാലങ്കാരത്തിന് വളരെയേറെ ഉപയോഗിക്കുന്നു. \'ഒണ്‍സീഡിയം ഗോള്‍ഡിയാനം\' എന്ന ഇനമാണ് സര്‍വ്വസാധാരണമായി കാണപ്പെടുന്നത്.

ഗോവര്‍ റാംസേ, ടാക്ക, ഗേള്‍ഡന്‍ ഈഗിള്‍ എന്നിവ മഞ്ഞപ്പൂക്കള്‍ തരുന്നു.

ഗോള്‍ഡന്‍ സണ്‍സെറ്റ്, ലിന്‍ഡ്, റെയിന്‍ബോ എന്നിവ ചുവന്ന പൂക്കള്‍ വിടര്‍ത്തുന്നു.

പകുതി കരിക്കട്ട നിരത്തിയ ചട്ടിയില്‍ ഒണ്‍സീഡിയം നടാം. വളരുന്നതിനനുസരിച്ച് ജൈവവളവും രാസവളവും നല്‍കണം 17:17:17 മിശ്രിതം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കുന്നത് ചെടി നന്നായി വളരാനും പുഷ്പിക്കാനും സഹായകമാകും.

കാറ്റ്ലിയ 

കാറ്റ്ലിയ ഓര്‍ക്കിഡുകള്‍ ചെറിയ ചെടികളാണ്. എങ്കിലും വലിയ പൂക്കള്‍ വിടര്‍ത്തുന്നു. പൂക്കളില്‍ ധാരാളം നിറക്കൂട്ടുകള്‍ ഉണ്ടാവും. ഇത് ഓര്‍ക്കിഡ് ചട്ടികളില്‍ കെട്ടിത്തൂക്കി വളര്‍ത്താം. 60 % സൂര്യപ്രകാശമാണ് കാറ്റ്ലിയയ്ക്കും പഥ്യം.

സങ്കരങ്ങള്‍ 

മൂന്ന് ഇനം ഓര്‍ക്കിഡുകള്‍ തമ്മില്‍ സങ്കരണം നടത്തി. മൊക്കാറ സപ്നാരാ, ഹോള്‍ട്ടുമാറ, കഗ്വാരാ,ലിമാരാ,ലിയാരാഇവയൊക്കെ ഇതില്‍പ്പെടുന്നു.

propagation

ഓര്‍ക്കിഡുകള്‍ ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ അതിനായി പ്രത്യേകം തയ്യാറാക്കിയ വലിയ ദ്വാരങ്ങളുള്ള ചട്ടികള്‍ വേണം ഉപയോഗിക്കുവാന്‍. ഇതു നല്ല നീര്‍വാര്‍ച്ച ലഭിക്കുന്നതിനും ധാരാളം വായുസഞ്ചാരം ഉണ്ടാകുന്നതിനും സഹായകമാണ്. ചട്ടികള്‍ക്കു പകരം തടി കഷണങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ബാസ്ക്കറ്റുകളും ഉപയോഗിക്കാം. ഒരിഞ്ചുവീതിയിലും മുക്കാല്‍ ഇഞ്ചു കനത്തിലും റീപ്പര്‍ തയ്യാറാക്കി പെട്ടിയുടെ ആകൃതിയില്‍ ഇടവിട്ടു അവ നിരത്തിവച്ചു മൂലതോറും ആണി വച്ചാല്‍ മതി. ഇതില്‍ മാധ്യമമിട്ടു അതില്‍ ചെടി നട്ടു സൗകര്യം പോലെ കെട്ടി തൂക്കാവുന്നതാണ്.

 

ചട്ടിയും ബാസ്ക്കറ്റും നിറയ്ക്കാന്‍ കരിക്കട്ട, ഓടിന്‍ കഷണം, ഇഷ്ടിക കഷണം എന്നിവയാണ് ഉപയോഗിക്കുന്നത്. കരിയാണു ഏറ്റവും ഉത്തമം. ചെറിയ 3-4 തൊണ്ടിന്‍ കഷണം കൂടി ചട്ടിക്കുള്ളില്‍ ഇടേണ്ടതാണ്. ചട്ടിയില്‍ അടിയിലായി ഒരു നിര ഓടിന്‍ കഷണം നിരത്തണം. അതിനു മുകളില്‍ കരിയും ഇഷ്ടിക കഷണവും കൂടി കലര്‍ത്തി ഇടണം. ശേഷം ചെടി മധ്യഭാഗത്തായി ഉറപ്പിക്കണം. തൊണ്ടിന്‍ കഷണം വേരിനു സമീപമായി ചുറ്റും ഇട്ടു കൊടുത്താല്‍ മതി. ചെടി നടുമ്പോള്‍ വേരു ഉപരിഭാഗത്തു തന്നെ വരത്തക്കവിധം വേണം ഉറപ്പിക്കുവാന്‍. മീഡിയത്തിന്‍റെ മദ്ധ്യഭാഗത്തു തന്നെ വരത്തക്കവിധം വേണം ഉറപ്പിക്കുവാന്‍. മീഡിയത്തിന്‍റെ മദ്ധ്യഭാഗത്തു ചെറിയ ഒരു കമ്പു നാട്ടി അതു ഓടിന്‍ കഷണവും കരിയും ഇഷ്ടിക കഷണവും ഇട്ടു ഉറപ്പിച്ച ശേഷം അതില്‍ വേണം ചെടി കെട്ടി നിര്‍ത്തുവാന്‍. സിംപോഡിയല്‍ ഇനങ്ങളില്‍ വളര്‍ത്തുന്ന ചെടിയില്‍ നിന്നും തൈ ഇളക്കി എടുക്കുന്നത് ചട്ടിയില്‍ തണ്ടുകള്‍ വളര്‍ന്നു നിറഞ്ഞശേഷം വേണം. ഇളക്കുമ്പോള്‍ 3 തണ്ടുകള്‍ ചേര്‍ത്തു വേണം ഇളക്കാന്‍. ഇനി അതു പുതിയ ചട്ടിയില്‍ നടാന്‍ ഉപയോഗിക്കാം.

 

fertilizer



ജൈവവളങ്ങളും രാസവളങ്ങളും ഓര്‍ക്കിഡിന്‍റെ ശരിയായ വളര്‍ച്ചയ്ക്കും പുഷ്പിക്കലിനും ആവശ്യമാണ്.

കാലിവളമാണ് ഇതില്‍ പ്രധാനം. മാസത്തുലൊരിക്കല്‍ വീതം കാലിവള പ്രയോഗം നടത്താം. പച്ചച്ചാണകവും ഉണക്കച്ചാണകവും കലര്‍ത്തിയെടുക്കുന്നതാണ് കാലിവളം എന്നോര്‍ക്കുക ഇത് 1:5, 1:10,1:15,1:20 എന്നിങ്ങനെ വിവിധയനുപാതത്തില്‍ വെള്ളവുമായി കലര്‍ത്തി തെളിയെടുത്ത് ചെടിച്ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം.

കോഴിവളമാണ് മറ്റൊന്ന്. ഇത് പ്രയോഗിക്കുന്നതിനു മുന്‍പ് കോഴിവളം ചൂടുള്ള ഒരു പദാര്‍ത്ഥമാണെന്നും അതുപയോഗിക്കുന്പോള്‍ തീര്‍ച്ചയായും നനവുണ്ടായിരിക്കണമെന്നും ഉറപ്പാക്കണം. 3 മാസത്തിലൊരിക്കലാണ് കോഴിവളം പ്രയോഗിക്കാവുന്നത്. തറയില്‍ വളര്‍ത്തുന്ന ഓര്‍ക്കിഡ് ചെടികള്‍ക്ക് 200 ഗ്രാം കോഴിവളവും, ചട്ടിയില്‍ വളര്‍ത്തുന്നവയ്ക്ക് 20 ഗ്രാമൂമാണ് നല്‍കാവുന്നത്.

പന്നിവളവും ഓര്‍ക്കിഡിന് ഒരു നല്ല ജൈവാഹാരമാണ്. ഒരു ഭാഗം പന്നിവളം 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അതിന്‍റെ തെളിയെടുത്ത് ഓരോ ചെടിയുടെയും ചുവട്ടില്‍ അരലിറ്റര്‍ വീതം ഒഴിച്ചു കൊടുക്കുക

ഗോമൂത്രംവും ഒരു ലിറ്റര്‍ 20 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടിച്ചുവട്ടില്‍ കുറേശ്ശെ ഒഴിച്ചുകൊടുക്കാവുന്നതാണ്.

വിപണിയില്‍ കുട്ടുന്ന 10:10;10 എന്ന രാസവള മിശ്രിതമോ അല്ലെങ്കില്‍ 17:17:17 എന്ന രാസവള മിശ്രിതമോ 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടികള്‍ക്കു നല്‍കാം.

തേങ്ങാവെള്ളം നല്‍കുന്നതു ഓര്‍ക്കിഡുകള്‍ക്കു വളരെ ഉപയോഗപ്രദമാണ്. അതില്‍ ഹോര്‍മോണ്‍ അടങ്ങിയിരിക്കുന്നു. ഒരു ലിറ്റര്‍ വെള്ളത്തില്‍ 250 മില്ലീലിറ്റര്‍ തേങ്ങാവെള്ളം എന്ന തോതില്‍ കലക്കി ചെടിയില്‍ തളിക്കണം.