info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ഇനങ്ങള്‍

ഗ്രാമ്പുവൃക്ഷങ്ങള്‍ മൂന്നിനമുണ്ട്. ഒന്നാമത്തെ ഇനത്തില്‍ പൂമൊട്ട് ഇളം ചുവപ്പുനിറമായിരിക്കും. രണ്ടാമത്തെതാകട്ടെ മൊട്ട് വളരെ ചെറിയതും, പാകമാകുമ്പോള്‍ ചുവന്ന നിറമാകുന്നതുമാണ്. മൂന്നാമത്തെ ഇനത്തില്‍ പൂമൊട്ട് പറിക്കാറാകുമ്പോള്‍ ഇളം ചുവപ്പ് നിറമായിരിക്കും.

വാണിജ്യപരമായി ഗ്രാമ്പു അത് ഉല്‍പാദിപ്പിക്കുന്ന രാജ്യത്തിന്റെ പേരിനോട് ചേര്‍ത്ത് അറിയപ്പെടുന്നു. അതില്‍ ഏറ്റവും ഗുണമേന്മയുള്ളത് പെനാങ്ങ് ഗ്രാമ്പുവാണ്. ഇതിന്റെ തൊട്ടുപുറകില്‍ നില്‍ക്കുന്നത് സാന്‍സിബാര്‍ ഗ്രാമ്പുവും മഡഗാസ്കര്‍ ഗ്രാമ്പുവും ആണ്.

നടീൽ വസ്തു

സാധാരണയായി ഗ്രാമ്പൂ കൃഷി ചെയ്യുന്നത് വിത്ത്‌ പാകി മുളപ്പിച്ച തൈകള്‍ ഉണ്ടാക്കിയാണ്. നല്ലത് പോലെ വിളഞ്ഞ് പാകമായ പഴങ്ങളില്‍ നിന്നുള്ള വിത്തുകളാണ് തൈകളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. സ്ഥിരമായി കായ്ക്കുന്നതും നല്ല വിളവ് തരുന്നതുമായ മാതൃവൃക്ഷങ്ങളില്‍ നിന്നുള്ള പഴങ്ങളാണ് ഇതിനായി ശേഖരിക്കേണ്ടത്. ശേഖരിച്ച പഴങ്ങള്‍ ഒന്നോ രണ്ടോ ദിവസം വെള്ളത്തില്‍ കുതിര്‍ത്തശേഷം കനം കുറഞ്ഞ മരച്ചീളുകള്‍ കൊണ്ടോ വിരലുകൊണ്ടോ പുറംതൊലി മാറ്റണം.

നടീല്‍

നടുന്നതിനായി പതിനെട്ടു മാസം പ്രായമായ തൈകള്‍ തെരഞ്ഞെടുക്കുക. നടുന്നതിന് ഒരു മാസം മുന്‍പുതന്നെ 6 X 6 മീ. അകലത്തില്‍ 60 X 60 X 60 സെ.മീ. വലിപ്പത്തില്‍ കുഴികളെടുക്കണം. ചുട്ടമണ്ണും, മേല്‍മണ്ണും കമ്പോസ്റ്റും ചേര്‍ത്ത മിശ്രിതം കൊണ്ട് കുഴി നിറയ്ക്കണം.

 

നേരത്തെ തന്നെ തയ്യാറാക്കിയ കുഴികള്‍ക്ക് നടുവില്‍ ചെറിയ കുഴിയെടുത്ത് മഴക്കാലത്ത്‌, മെയ്‌-ജൂണ്‍, ആഗസ്റ്റ്‌-സെപ്റ്റംബര്‍ മാസങ്ങളില്‍ തൈകള്‍ നടാം. വേനല്‍ക്കാലത്തും മഴയില്ലാത്തപ്പോഴും പതിവായി നനച്ചു കൊടുക്കണം. തൈകള്‍ക്ക് തണല്‍ നല്‍കുകയും വേണം. ഇതിനായി ശീമക്കൊന്നയോ, വാഴയോ നടാം.

 

വളപ്രയോഗം

കാലിവളമോ, കമ്പോസ്റ്റോ മരമൊന്നിന് വര്‍ഷത്തില്‍ 15 കിലോ എന്ന തോതില്‍ മെയ്‌-ജൂണ്‍ മാസത്തില്‍ ചേര്‍ത്ത് കൊടുക്കണം. ഗ്രാമ്പുവിന്റെ കരുത്തേറിയ വളര്‍ച്ചയ്ക്കും വിളവിനും രാസവളങ്ങളും ചേര്‍ക്കേണ്ടതുണ്ട്. തൈ ഒന്നിന് N:P2O5:K2O വളം ഒന്നാം വര്‍ഷം 20:18:50 ഗ്രാം വീതവും, രണ്ടാം വര്‍ഷം 40:36:100 ഗ്രാം വീതവുമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇത് ക്രമമായി വര്‍ദ്ധിപ്പിച്ച് 15 വര്‍ഷമാകുമ്പോള്‍ മരമൊന്നിന് വര്‍ഷത്തില്‍ 300:250:750 ഗ്രാം N:P2O5:K2O ലഭിക്കുന്നതിനാവശ്യമായ രാസവളങ്ങള്‍ ചേര്‍ത്ത് കൊടുക്കണം. രാസവളം രണ്ട് തുല്യ ഗഡുക്കളായി ആദ്യ ഗഡു ജൈവവളത്തോടൊപ്പം മെയ്‌-ജൂണിലും രണ്ടാമത്‌ സെപ്റ്റംബര്‍-ഒക്ടോബറിലും ചേര്‍ക്കണം. ചെടിയുടെ ചുവട്ടില്‍ നിന്ന് 1-1.25 മീ. അകലത്തില്‍ ആഴം കുറഞ്ഞ തടമെടുത്തുവേണം രാസവളം ചേര്‍ക്കാന്‍.

കൃഷിപ്പണികള്‍

 

ഇടയിളക്കലും കളയെടുപ്പും ആവശ്യാനുസരണം നടത്തണം. രോഗം ബാധിച്ചതും ഉണങ്ങിയതുമായ കൊമ്പുകള്‍ വെട്ടിക്കളയുന്നത് ചെടിയുടെ വളര്‍ച്ച മെച്ചപ്പെടുത്താന്‍ സഹായിക്കും.

വിളവെടുപ്പ്‌

പൂമൊട്ടുകള്‍ക്ക് ചുവപ്പ് രാശി വരുന്നതോടെ വിളവെടുക്കാം. പൂക്കള്‍ ഓരോന്നായി പറിച്ചെടുക്കേണ്ടതുകൊണ്ട് ഓരോ പൂങ്കുലയിലും പല പ്രാവശ്യമായി മാത്രമേ വിളവെടുക്കാന്‍ സാധിക്കുകയുള്ളൂ. ഉണങ്ങിയ ഗ്രാമ്പുവിന്റെ ഗുണമേന്മ നിശ്ചയിക്കുന്നതില്‍ പൂമൊട്ടിന്റെ മൂപ്പ്‌ പ്രധാനമാണ്. വിടര്‍ന്ന പൂക്കള്‍ക്ക്‌ വിപണിയില്‍ വിലകുറവാണ്. മൂപ്പെത്താത്ത പൂമൊട്ടിനു ഗുണം ഏറെ കുറയുകയും ചെയ്യും.

സംസ്ക്കരണം

കുലയില്‍ നിന്നും വേര്‍പ്പെടുത്തിയ ഉടനെതന്നെ ഗ്രാമ്പൂമൊട്ടുകള്‍ പായിലോ പനമ്പിലോ നിരത്തി ഉണങ്ങാനിടണം. മൂന്നാം ദിവസം മൊട്ടുകള്‍ക്ക് നല്ല തവിട്ടുനിറമാകും. എല്ലാ മൊട്ടുകളും ഒരു പോലെ ഉണങ്ങുന്നതിനായി ഇടയ്ക്കിടെ ഇളക്കുന്നത് നല്ലതാണ്.  നല്ല പാകമെത്തിയ ഗ്രാമ്പുവിന് തിളക്കമുള്ള തവിട്ടുനിറവും ചെറിയ പരുപരുപ്പും ഉണ്ടായിരിക്കും. ചുളിവുകള്‍ ഉണ്ടായിരിക്കില്ല. നല്ല ഗ്രാമ്പൂ വിരലിന്റെ നഖത്തിനടിയില്‍ വെച്ചു ഞെരിച്ചാല്‍ എണ്ണ കിനിയും.

 

ഗ്രാമ്പൂവിന്റെ മൊട്ട് കുലയില്‍ നിന്നും മാറ്റിക്കഴിഞ്ഞുള്ള ഞെട്ടിന് നല്ല വില കിട്ടും. ഗ്രാമ്പൂ ഉണക്കിയെടുക്കുന്നതുപോലെ തന്നെ ഞെട്ടുകളും വേഗത്തില്‍ ഉണക്കിയെടുക്കണം. ഇവ ഗ്രാമ്പൂതൈലം വാറ്റിയെടുക്കുന്നതിനായി ഉപയോഗിക്കുന്നു. മൊത്തം കിട്ടുന്ന ഗ്രാമ്പൂ മൊട്ടിന്റെ അഞ്ചിലൊന്നു തൂക്കം ഞെട്ടിനും സാധാരണ കിട്ടും.

 

മൂല്യവർദ്ധനം

ഗ്രാമ്പൂ തൈലം

 

ഗ്രാമ്പൂവിന്റെ മൊട്ടുകളും, പൂങ്കുല ഞെട്ടുകളും, ഇലകളും വാറ്റി തൈലം എടുക്കുന്നുണ്ട്. ഇവയില്‍ മൊട്ടില്‍ നിന്നെടുക്കുന്നതാണ് ഏറ്റവും മുന്തിയ തൈലം. ഇതിന്റെ ഗുണം മൊട്ടിനേയും തൈലത്തിന്റെ ഉല്‍പ്പാദനത്തെയും ആശ്രയിച്ചിരിക്കും. നല്ലവണ്ണം തയ്യാറാക്കിയ ഗ്രാമ്പൂ മൊട്ടില്‍ 21 ശതമാനം വരെ തൈലം ഉണ്ടായിരിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള പ്രധാന ഘടകം യൂജിനോള്‍ (85-89%) ആണ്. ഞെട്ടില്‍ ഏകദേശം 5 മുതല്‍ 7 ശതമാനം വരെ തൈലം അടങ്ങിയിരിക്കുന്നു. രൂക്ഷഗന്ധത്തോടു കൂടിയ ഈ തൈലത്തിലെ യൂജിനോളിന്റെ അളവ് 90-95 ശതമാനമാണ്.

 

ഗ്രാമ്പൂവിന്റെ ചെറു ശിഖരങ്ങള്‍ മുറിക്കുമ്പോഴാണ് സാധാരണയായി ഇലകള്‍ വാറ്റുന്നത്. രണ്ടാഴ്ചകൊണ്ട് ഒരു മരത്തില്‍ നിന്നും പൊഴിഞ്ഞുണങ്ങിയ 1.5 കി. ഗ്രാം ഇലകളില്‍ നിന്ന് 2-3 ശതമാനം വരെ തൈലം ലഭിക്കും. ശുദ്ധീകരിച്ച തൈലത്തില്‍ 80-85% യൂജിനോള്‍ ഉണ്ടായിരിക്കും.

 

ഓളിയോറെസിന്‍

 

 18-22 ശതമാനം വരെയാണ് ഓളിയോറെസിന്റെ അളവ്. സുഗന്ധദ്രവ്യങ്ങള്‍ നിര്‍മ്മിക്കാനും ഭക്ഷണസാധനങ്ങള്‍ക്ക്‌ മണവും ഗുണവും പ്രദാനം ചെയ്യുവാനുമാണ് ഇത് ഉപയോഗിക്കുന്നത്.