info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ഇനങ്ങള്‍

ഐ ഐ എസ് ആര്‍ -വിശ്വശ്രീ 

നടീല്‍ കാലം

കാലവര്‍ഷത്തോടു കൂടിയാണ് ജാതി തൈകള്‍ തോട്ടത്തില്‍ നടേണ്ടത്.

നടീല്‍വസ്തു

സാധാരണ വിത്ത് പാകി മുളപ്പിച്ചാണ് ചെടികള്‍ നടുന്നത്.  പ്രകൃതിയില്‍ 50:50 എന്ന തോതിലാണ് ആണ്‍ പെണ്‍ ചെടികള്‍ കണ്ടുവരുന്നത്. ശരിയായ പരാഗണത്തിനു പത്ത് പെണ്‍ ചെടിക്ക് ഒരു ആണ്‍ ചെടി ആവശ്യമാണ്‌. പുഷ്പിക്കുന്നതിന് മുമ്പ് ആണ്‍ പെണ്‍ ചെടികള്‍ തിരിച്ചറിയാന്‍ സാധ്യമല്ല.

മരങ്ങളില്‍ നിന്ന് വിളഞ്ഞു പൊട്ടി വിടര്‍ന്ന കായ്കളാണു വിത്തിന് തിരഞെടുക്കേണ്ടത്. ജാതിപത്രി മാറ്റിയതിനു ശേഷം ഉടനെ വിത്ത്‌ പ്രതേകമായി ഉണ്ടാക്കിയ തവാരണകളില്‍ നടാവുന്നതാണ്. അന്നുതന്നെ നടാന്‍ സാധ്യമല്ലെങ്കില്‍ വിത്ത് നനവുള്ള ഈര്‍ച്ചപൊടിയിലോ, മണ്ണിലോ, സുര്യപ്രകാശം തട്ടാതെ സൂക്ഷിക്കേണ്ടതാണ്. ഉണങ്ങിയാല്‍ വിത്ത് മുളക്കില്ല.

നടീല്‍ രീതി

100 മുതല്‍ 120 സെ. മീ. വരെ വീതിയും 15 സെ. മീ. ഉയരവും സൗകര്യപ്രദമായ നീളവും ഉള്ള തവാരണകള്‍ തയ്യാറാക്കുക. തവാരണകള്‍ തയ്യാറാക്കാന്‍ മണ്ണും മണലും 3:1 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയ മിശ്രിതം ഉപയോഗിക്കാം. ഇതിനു മുകളിലായി 2 മുതല്‍ 3 സെ. മി. കനത്തില്‍ മണല്‍ വിരിക്കണം. തയ്യാറാക്കിയ തവാരണകളില്‍ 12 X 12 സെ. മി. അകലത്തിലും 2 സെ. മി. ആഴത്തിലും വിത്തുകള്‍ പാകാം. 50 മുതല്‍ 80 ദിവസമാകുമ്പോഴേക്കും വിത്തുകള്‍ മുളയ്ക്കാന്‍ തുടങ്ങും. രണ്ടില പ്രായമാകുമ്പോള്‍ തൈകളെ നഴ്സറിയില്‍ നിന്ന് മാറ്റി പോളിത്തീന്‍ കൂടുകളിലേക്ക്‌ മാറ്റി നടാം.

ചെടികളുടെ ആദ്യകാല വളര്‍ച്ചക്ക് തണല്‍ ആവശ്യമായതിനാല്‍ തൈകള്‍ നടുന്നതിന് മുമ്പ് മുരുക്കിനെ പോലെയുള്ള തണല്‍ മരങ്ങള്‍ നേരത്തെ തന്നെ വച്ച് പിടിപ്പിക്കണം. ആദ്യഘട്ടങ്ങളില്‍ തണലായി വാഴക്കൃഷി ചെയ്യാവുന്നതാണ്. 8 മീറ്റര്‍ വീതം അകലത്തില്‍ 90 സെന്റീമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികെളെടുത്ത് അതില്‍ മേല്‍മണ്ണും കമ്പോസ്റ്റും ചേര്‍ത്ത് നിറയ്ക്കുക.

സാധാരണ ജാതിതൈകള്‍ തായ് ചെടികള്‍ ആയി ഇനാര്‍ച്ചിംഗ് പ്രകാരം ഒട്ടിച്ചോ പാച്ച് ബഡഡിംഗ് മുറപ്രകാരം മുകുളനം ചെയ്തോ ചെടികള്‍ ഉണ്ടാക്കാം. ആണ്‍ ചെടികളില്‍ നിന്ന് എടുക്കുന്ന മുകുളങ്ങളോ കമ്പുകളോ ഉപയോഗിക്കുമ്പോള്‍ ആണ്‍ ചെടികളും, പെണ്‍ചെടികളിളില്‍ നിന്ന് സ്വിയോണ്‍ ഉപയോഗിക്കുമ്പോള്‍ പെണ്‍ ചെടികളും ലഭിക്കും. എന്നാല്‍ ഗ്രാഫ്ട്ടിംഗിനോ ബഡഡിംഗിനോ ഉപയോഗിക്കുന്ന മുകുളങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രതേകം ശ്രദ്ധിക്കണം. നേരെ വളരുന്ന കമ്പില്‍ നിന്ന് എടുത്താല്‍ മാത്രമേ അതില്‍ നിന്ന് ഉണ്ടാകുന്ന ചെടികള്‍ ഉയരത്തില്‍ വളരുകയും, ധാരാളം വിളവ് തരികയും ചെയ്യൂ.  

ജലസേചനം

ജാതിയുടെ ഉയര്‍ന്ന വിളവിനും ഗുണമേന്മക്കും സാദാരണയായി നല്ല ജലസേചനം ആവശ്യമാണ്‌. എന്നിരുന്നാലും എത്ര തവണ ജലസേചനം നടത്തണം എന്നുള്ളത് കാലാവസ്ഥ.

മണ്ണിന്‍റെ ഈര്‍പ്പം പിടിച്ചു നിര്‍ത്താനുള്ള കഴിവ്, ചെടിയുടെ പ്രായം എന്നതിനെ ആശ്രയിച്ചിരിക്കും. വേനല്‍ കാലങ്ങളിലും വരണ്ട അവസ്ഥയിലും തുടര്‍ച്ചയായുള്ള ജലസേചനം ആവശ്യമാണ്‌.

വളപ്രയോഗം

തൈ നട്ട് ആദ്യവര്‍ഷം ഓരോ തൈയ്ക്കും 10 കിലോ ഗ്രാം കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. ഇത് ക്രമേണെ വര്‍ദ്ധിപ്പിച്ച് 15 വര്ഷം എത്തുമ്പോഴേക്കും ഓരോ മരത്തിനും 50 കിലോ ജൈവവളം ചേര്‍ക്കാവുന്നതാണ്‌. ജൈവവളത്തിനു പുറമേ ഒന്നാം വര്ഷം ഓരോതൈക്കും 44 ഗ്രാം യൂറിയ, 100 ഗ്രാം രാജ് ഫോസ് അല്ലെങ്കില്‍ മസൂറിഫോസ്, 80 ഗ്രാം പൊട്ടാഷ് എന്നീ രാസവളങ്ങള്‍ ചേര്‍ക്കണം. രണ്ടാം വര്ഷം മേല്‍ പറഞ്ഞതിന്റെ ഇരട്ടിയും ക്രമേണെ അളവ് വര്‍ദ്ധിപ്പിച്ച് 15 വര്‍ഷമാകുമ്പോഴേക്കും മരമൊന്നിന് 1085 ഗ്രാം യൂറിയ, 1375 ഗ്രാം രാജ്ഫോസ് അല്ലെങ്കില്‍ മസൂറിഫോസ്, 1600 ഗ്രാം പൊട്ടാഷും നല്‍കണം.


വിളവെടുപ്പ്

വർഷത്തിൽ മിക്കവാറും എല്ലാ സമയത്തും കായുണ്ടാകുമെങ്കിലും ഡിസംബർ മുതൽ മെയ് വരെയുള്ള കാലത്താണ് കൂടുതൽ വിളവു ലഭിക്കുക. പറിച്ചെടുക്കുകയോ പൊഴിയാന്‍ അനുവദിക്കുകയോ ആവാം. ജാതിക്കായും ജാതിപത്രിയുമാണ് ഉപയോഗയോഗ്യമായ ഭാഗങ്ങൾ.

മാംസളമായ പുറംതോട് മാറ്റിയാൽ  മൃദുലവും തൂവൽപോലെയുമുള്ള ചുവന്ന ജാതിപത്രി കാണാം. ജാതിക്കയേക്കാള്‍ കൂടുതൽ വില ജാതിപത്രിക്കാണ്. ജാതിപത്രി കേടുകൂടാതെ ഒറ്റ ഇതളായി ഇളക്കിയെടുത്ത് തണലിൽ വച്ച് ഉണക്കിയെടുക്കണം. 3-5 ദിവസം വരെ വേണ്ടിവരും. കായ്കൾ നന്നായി ഉണങ്ങുന്നതിന് 6-8 ദിവസം വരെ ആവശ്യമാണ്. ശരിയായ ഉണങ്ങിയാൽ ജാതിക്കായയിലെ ഭ്രൂണകോശം(endosperm) പുറം തോടിൽ നിന്ന് വേർപെടുകയും തൽഫലമായി ജാതിക്ക കുലുങ്ങുകയും ചെയ്യുന്നു. ഇത് ഈർപ്പം തട്ടാത്ത സ്ഥലത്ത് സൂക്ഷിച്ചുവെക്കണം.


മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍

ഒളിയോറെസിന്‍(Oleoresin)

പൊടിച്ച ജാതിക്കയില്‍ നിന്നും ജാതിപത്രിയില്‍ നിന്നും കാര്‍ബണിക ലായകങ്ങള്‍ ഉപയോഗിച്ചാണ് ഒളിയോറെസിന്‍ വേര്‍തിരിച്ചെടുക്കുന്നത്.

ജാതിയില്‍ 10-12% ജാതിപത്രിയില്‍ 10-13% ഒലെഒരെസിന് ലഭിക്കും.

ജാതിവെണ്ണ(Nutmeg butter)

ജാതിക്കയില്‍ 25-40% സ്ഥിര എണ്ണയുണ്ട്(Fixed oil). ചതച്ചരച്ച ജാതിക്കയിൽ ഉയർന്ന താപത്തിൽ മർദ്ദം ചെലുത്തി ഇത് വേർതിരിച്ചെടുക്കാം. ജാതി വെണ്ണ, ജാതി കോൺക്രീറ്റ്(Nutmeg concrete) എന്ന പേരിലും അറിയപ്പെടുന്നു.

ജാതി എണ്ണ(Nutmeg oil)

നല്ല സുഗന്ധമുള്ള ഈ എണ്ണയ്ക്ക് ഇളം മഞ്ഞ നിറമാണ്. ജാതിക്ക,  ജാതിപത്രി എന്നിവയിൽനിന്നും 7-16% വരെ എണ്ണ കിട്ടും. തോടുകളഞ്ഞ  ജാതിക്ക യന്ത്രമുപയോഗിച്ച് തരുതരുപ്പായി നുറുക്കിയെടുത്ത് കുറഞ്ഞ മർദ്ദത്തിൽ ആവിയിൽ വാറ്റിയാണ് എണ്ണ എടുക്കുന്നത്.

ജാതിപത്രി എണ്ണ(Mace oil)

ജാതിപത്രിയിൽ നിന്നും 4-17% വരെ എണ്ണ ലഭിക്കും. നിറമില്ലാത്തതും ഇളം മഞ്ഞനിറമുള്ള എണ്ണയ്ക്ക് ജാതി എണ്ണയുടെ തന്നെ ഗുണവും സ്വാദും കാണും. ജാതി എണ്ണയും ജാതിപത്രി എണ്ണയും  ഭക്ഷണസാധനങ്ങൾക്ക് ഉപയോഗിക്കുന്നത്.