info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ആമുഖം

നെല്പാടങ്ങളില്‍ ഒന്നാം വിളയോ രണ്ടാം വിളയോ വിളവെടുത്ത് കഴിഞ്ഞ് തരിശിടുന്ന ഇടവേളകളില്‍ ഉഴുന്ന് തനി വിളയായി വളര്‍ത്താം. ഖരീഫ് വിളക്കാലത്ത് തനിവിളയായോ മിശ്രവിളയായോ വളര്‍ത്തുകയും ചെയ്യാം. കരഭൂമിയിൽ മഴക്കാലത്തും നനസാധ്യതയുള്ളയിടങ്ങളിൽ വേനൽക്കാലത്തും ഉഴുന്ന് കൃഷി ചെയ്യാം.

ഇനങ്ങൾ

T-9, Co-2, S-1, TAU-2, TMV-1, KM-2, ശ്യാമ, സുമഞ്ജന.

T-9 : വരള്‍ച്ചയെ അതിജീവിക്കുന്ന ഇനം.

Co-2 : ഋതുബന്ധസ്വഭാവം ഇല്ലാത്തതും എന്നാല്‍ കീടരോഗബാധയ്ക്ക് സാധ്യത ഇല്ലാത്തതുമായ ഇനം.

S-1 : പപ്പടം ഉണ്ടാക്കാന്‍ യോജിച്ചത്.

TAU-2 : ഭാഗികമായ തണലിലും നല്ല വിലവുതരുന്ന ഇനമായതിനാല്‍ തെങ്ങില്‍തോപ്പില്‍ കൃഷി ചെയ്യാം.

TMV 1, KM-2 : ഓണാട്ടുകര പ്രദേശത്തിന് യോജിച്ച ഇനം.

ശ്യാമ : ഓണാട്ടുകര പ്രദേശത്ത്‌ പുഞ്ചക്കാലത്ത് നെല്‍പ്പാടങ്ങളില്‍ കൃഷി ചെയ്യാന്‍ യോജിച്ച ഇനം.

സുമഞ്ജന : തിരുവനന്തപുരം ജില്ലയില്‍ പുഞ്ചക്കാലത്ത് നെല്‍പ്പാടങ്ങളില്‍ കൃഷി ചെയ്യാന്‍ യോജിച്ച ഇനം.

നടീല്‍കാലം

തനിവിളയായോ മിശ്രവിളയായോ വര്‍ഷം മുഴുവനും ഉഴുന്ന്‌ കൃഷി ചെയ്യാം.

നടീല്‍വസ്തുക്കള്‍

വിത്താണ് നടീല്‍ വസ്തു

വിത്തിന്റെ അളവ്: തനിവിള – ഹെക്ടറിന് – 20 കിലോ

ഇടവിള / മിശ്രവിള: ഹെക്ടറിന് – 06 കിലോ

ചെടികൾ തമ്മില്‍ അകലം – 25 സെ.മീ x 15 സെ.മീ.

നടീല്‍രീതികള്‍

രണ്ടു മൂന്നു തവണ ഉഴുത് കളകൾ, മുൻവിളയുടെ കുറ്റികൾ എന്നിവ പെറുക്കിമാറ്റി കട്ടയുടച്ചു നിരപ്പാക്കുക. വിത്തിൽ KAU BG 2, KAU BG 12 എന്നീ റൈസോബിയം കൾച്ചറിലൊന്ന് പുരട്ടുന്നത് വിളവ് കിട്ടാന്‍ സഹായിക്കും.

 

വളപ്രയോഗം

ഒരു ഹെക്റ്ററിലേക്ക് 30:30:30 കിലോഗ്രാം നൈട്രോജെന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിങ്ങനെയാണ് ഉഴുന്നിനു ശുപാര്‍ശ ചെയ്യപ്പെടുന്ന വളപ്രയോഗം. ഒരു സെന്റിലെക്ക് വേണ്ടത് 80 ഗ്രാം യൂറിയ, 666 ഗ്രാം മസൂരിഫോസ്, 200 ഗ്രാം പൊട്ടാഷ് എന്നിവയാണ്. ഇവ പലതവണകളായി വേണം നല്‍കാന്‍. നടുന്ന സമയത്ത് മുഴുവന്‍ ഫോസ്ഫറസും, പൊട്ടാഷും, 40 ഗ്രാം യൂറിയയും നല്‍കുക. 15 ദിവസത്തിനും 30 ദിവസത്തിനും ശേഷം 20 ഗ്രാം യൂറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിച്ച് കൊടുക്കുക. അമ്ലഗുണമുള്ള മണ്ണില്‍ നടുന്നതിന് രണ്ടാഴ്ചയ്ക്ക് മുന്നേ കുമ്മായം/ ഡോളോമൈറ്റ് ഒരു സെന്റിലെക്ക് 1 – 3 കിലോ എന്ന തോതില്‍ മണ്ണില്‍ ചേര്‍ക്കുക. നടുമ്പോള്‍ അടിവളമായി ഒരു സെന്റിലെക്ക് 80 കിലോ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കുക.

വിളവെടുപ്പ്

മൂപ്പ് അനുസരിച്ച് 75– 120 ദിവസമാകുമ്പോൾ വിളവെടുക്കാം. കായകളിൽ 80 ശതമാനം വിളഞ്ഞിട്ടുണ്ടെങ്കിൽ ചെടികൾ പിഴുത് ഉണക്കിത്തല്ലി മണികൾ വേര്‍തിരിച്ചെടുക്കാം. പ്രതീക്ഷിക്കാവുന്ന വിളവ് സെന്റിന് രണ്ടു മുതൽ നാലു കിലോ വരെ.