info@krishi.info1800-425-1661
സ്വാഗതം Guest

വിളകള്‍

ഇനങ്ങൾ

പ്രാദേശിക ഇനങ്ങൾ: തേക്കൂര്‍പേട്ട, സുഗന്ധം, കൊടൂർ, ആർമൂര്‍, ആലപ്പുഴ.

മേൽത്തരം ഇനങ്ങൾ: സുവർണ, സുഗുണ, സുദർശന, പ്രഭ, പ്രതിഭ, കാന്തി, ശോഭ, സോന, വർണ്ണ, കേദാരം, IISR ആലപ്പി സുപ്രീം (ഇലപ്പുള്ളി രോഗത്തിന് പ്രതിരോധ ശേഷി)m എന്നിവയാണ്.


നടീൽ കാലം

ഏപ്രില്‍-മേയ് മാസങ്ങളില്‍ ഒന്നോ രണ്ടോ നല്ല മഴ  ലഭിക്കുന്നതോടെ മഞ്ഞള്‍ നടാം.

നടീൽ വസ്ത്തുക്കൾ

മാതൃ പ്രകന്ദങ്ങളും (തട) ലഘു പ്രകന്ദങ്ങളും നടാവുപയോഗിക്കാം.  നല്ല മുഴുത്തതും രോഗബാധയില്ലാത്തതുമായ  വിത്ത് വേണം തെരഞ്ഞെടുക്കുവാന്‍. വിത്ത് കോപ്പർഓക്സിക്ലോറൈഡ് ലായനിയിൽ മുക്കിയശേഷം തണലത്തുണക്കി, ചാണകവും ചെളിയും കൊണ്ട് മെഴുകിയ കുഴികളില്‍ സൂക്ഷിച്ചു വയ്ക്കാം.

നടീൽ രീതി

നേരത്തെ തയ്യാറാക്കിയിട്ടുള്ള വാരങ്ങളില്‍ 25x25 സെ.മീ. അകലത്തില്‍ ചെറിയ കുഴികളെടുത്ത് മുകളിലേക്ക് മുള വരത്തക്കവിധം പ്രകന്ദനങ്ങള്‍ നട്ട് മണ്ണോ ഉണങ്ങിയ ചാണകപ്പോടിയോ കൊണ്ട് മൂടുക. ഹെക്ടറിന് 2000-2500 കി.ഗ്രാം വിത്ത് വേണ്ടി വരും.

വളപ്രയോഗം

ഹെക്ടറൊന്നിന് 40 ടൺ എന്ന തോതിൽ കന്നുകാലി വളമോ കമ്പോസ്റ്റോ നിലം ഒരുക്കുന്ന സമയത്ത് അടിവളമായി ചേർക്കുകയോ നട്ടതിനുശേഷം വിതറി കൊടുക്കുകയോ ചെയ്യാം. നൈട്രജൻ: ഫോസ്ഫറസ്: പൊട്ടാസ്യം എന്നിവ ഹെക്ടറിന് 30: 30: 60 എന്ന അനുപാതത്തിലാണ് നൽകേണ്ടത്. ഫോസ്ഫറസ് മുഴുവനും  പൊട്ടാസ്യത്തിന്റെ പകുതിയും അടിവളമായി  ചേർക്കണം. നൈട്രജന്‍റെ മൂന്നിൽ രണ്ട് ഭാഗം നട്ട് 30 ദിവസം കഴിഞ്ഞും മൂന്നിലൊരുഭാഗവും ബാക്കി പൊട്ടാസ്യവും നട്ട് 60 ദിവസത്തിനുശേഷവും നൽകാം. ഒരു ഹെക്ടറിന് 20 കാലിവളവും 2 ടണ്‍ വേപ്പിൻപിണ്ണാക്ക് 1 ടൺ ചാരം 4 ടൺ കമ്പോസ്റ്റ് എന്നിവ ചേർക്കുക.

മറ്റു ഇടക്കാല പ്രവര്‍ത്തനങ്ങള്‍

നട്ട ഉടനെ തന്നെ പച്ചില കൊണ്ട് നല്ലവണ്ണം പുതയിടണം. ഒരു ഹെക്ടറിന് 15 ടണ്‍ പച്ചില വേണ്ടിവരും. 50 ദിവസത്തിനു ശേഷം വീണ്ടും ഒരിക്കൽകൂടി 15 ടണ്‍ പച്ചിലകൊണ്ടു പുതയിടണം.

നട്ട് 60,120,150 ദിവസം കഴിയുമ്പോള്‍ കളയെടുപ്പ് നടത്തണം. 60 ദിവസം കഴിഞ്ഞ്‌ കളയെടുത്തത്തിനു ശേഷം നിര്‍ബ്ബന്ധമായും മണ്ണു കൂട്ടിക്കൊടുക്കെണ്ടതുണ്ട്. കളകള്‍ പുതയിടുന്നതിനായി  ഉപയോഗിക്കാവുന്നതാണ്.

വിളവെടുപ്പ്

വിളവെടുപ്പിന്റെ സമയം ഇനത്തെ ആശ്രയിച്ചിരിക്കും. ജനുവരി മുതല്‍ മാര്‍ച്ച്  വരെയുള്ള സമയമാണ് വിളവെടുപ്പ് കാലം.  മൂപ്പ് കുറഞ്ഞ ഇനങ്ങള്‍ 7-8 മാസമാകുമ്പോഴും മധ്യകാലമൂപ്പുള്ളവ 8-9 മാസമാകുമ്പോഴും ദീര്‍ഘകാലമൂപ്പുള്ള ഇനങ്ങള്‍ 9-10 മാസമാകുമ്പോഴും വിളവെടുക്കാം.