ട്രോപ്പിക്കല്‍ കാലാവസ്ഥ നിലനില്‍ക്കുന്ന ഏതൊരു പ്രദേശത്തും റംബുട്ടാന്‍ വളരുന്നതായി കാണുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രതയും ഊഷ്മളമായ കാലാവസ്ഥയുമാണ് പ്രധാന ഘടകങ്ങള്‍. വര്‍ഷത്തില്‍ 150 മുതല്‍ 250 സെ.മീ വരെ മഴയും ആവശ്യമാണ്. സമുദ്രനിരപ്പില്‍ നിന്ന് 800 മീ വരെ ഉയരമുള്ള സ്ഥലങ്ങളാണ് കൃഷിയ്ക്ക് യോജിച്ചത്. ഏറ്റവും അനുയോജ്യമായ താപനില 22 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ചെറിയ തോതിലുള്ള താപനില വ്യതിയാനം ചെടികളുടെ വളര്‍ച്ചയേയും വിളവിനെയും ഗൗരവമായി ബാധിക്കാറുമില്ല. എല്ലാത്തരം മണ്ണിലും റംബുട്ടാന്‍ വളരുമെങ്കിലും നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് നല്ല വളര്‍ച്ചയ്ക്കും മികച്ച വിളവിനും നല്ലത്. അമ്ലാംശവും ക്ഷാരാംശവും മിതമായിരിക്കണം (പി.എച്ച് മൂല്യം 4.5 മുതല്‍ 6.5 വരെ). വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ കൃഷി ഒഴിവാക്കേതാണ്. നല്ല സൂര്യപ്രകാശം ലഭ്യമാകുന്നതിനാല്‍ ചെരിവുള്ള സ്ഥലങ്ങളില്‍ മികച്ച വിളവ് പ്രതീക്ഷിക്കാം.
varieties
N 18, റോങ്‌റിയന്‍, സ്‌കൂള്‍ബോയ്, ബിന്‍ജായ്, മല്‍വാന സ്‌പെഷ്യല്‍ എന്നിവ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ ഏറ്റവും യോജിച്ചവയാണ്.
വീട്ടുവളപ്പില്‍ വളര്‍ത്താവുന്ന ഇനങ്ങളാണ് E 35, കിങ്ങ് എന്നിവ.
N 18, E 35 തുടങ്ങിയ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തത് കോട്ടയം ആസ്ഥാനമായ ഹോംഗ്രോണ്‍ ബയോടെക് ആണ്. കൂടാതെ മലേഷ്യ, തായ്‌ലന്റ്, ശ്രീലങ്ക തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വിജയിച്ച ഇനങ്ങളായ റോങ്‌റിയന്‍, സ്‌കൂള്‍ബോയ്,ബിന്‍ജായ്, മല്‍വാന സ്‌പെഷ്യല്‍, കിങ്ങ് എന്നിവ കേരളത്തില്‍ ആദ്യമായി കൊണ്ടുവന്നതും വന്‍തോതില്‍ ഉല്പാദിപ്പിച്ച് കേരളത്തില്‍ ലഭ്യമാക്കിയതും ഹോംഗ്രോണ്‍ ആണ്.
Planting materials
റംബുട്ടാന്‍ മരങ്ങളില്‍ ആണ്‍ പെണ്‍ വ്യത്യാസമുള്ളതിനാല്‍ വിത്ത് മുളച്ചുണ്ടാകുന്ന തൈകള്‍ കൃഷിയ്ക്ക് ഉപയോഗിക്കരുത്. പകരം മുകുളനം (budding) വഴി ഉരുത്തിരിച്ചെടുക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള തൈകളാണ് ഉപയോഗിക്കേണ്ടത്.
planting method
ഒരേക്കര്‍ സ്ഥലത്ത് 30 മുതല്‍ 35 തൈകള്‍ വരെ നടാം. ഒരു മീറ്റര്‍ സമചതുരത്തിലെടുത്ത കുഴിയില്‍ മേല്‍മണ്ണ്, മൂന്ന് കുട്ട ട്രൈക്കോഡെര്‍മ-സമ്പുഷ്ട ചാണകക്കൂട്ട്, ഒരു കിലോ റോക്ക് ഫോസ്‌ഫേറ്റ് എന്നിവ യോജിപ്പിച്ച് നിറയ്ക്കാം. തറനിരപ്പില്‍ നിന്നും ഒരടി ഉയരത്തിലും മൂന്നടി വ്യാസത്തിലും കൂന കൂട്ടി തൈകള്‍ നടുന്നത് മികച്ച നടീല്‍ രീതിയായി കണ്ടുവരുന്നു. അനുയോജ്യമായ പിള്ളക്കുഴി തയ്യാറാക്കി അതില്‍ ഒരു പിടി ചാണകക്കൂട്ടും ഒരു പിടി റോക്ക് ഫോസ്‌ഫേറ്റും തൂകിയതിനുശേഷം പോളിത്തീന്‍ കവറിനുള്ളിലെ മണ്ണുടയാതെ വളരെ ശ്രദ്ധയോടെ കവര്‍ നീക്കി തൈകള്‍ നടാം. ചെടിയ്ക്കു ചുറ്റുമായി മൂന്നടി ചുറ്റളവില്‍ വൃത്താകൃതിയില്‍ തടമെടുക്കുന്നത് നനയ്ക്കുന്നതിനും തുടര്‍ന്ന് വളമിടുന്നതിനും സൗകര്യപ്രദമാണ്.
Fertilizer application
വളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്ന വൃക്ഷമാണ് റംബുട്ടാന്‍. തൈകള്‍ നട്ട് ആദ്യ നാമ്പുകള്‍ വന്ന് ഇല മൂത്തതിനുശേഷം വേണം വളമിടാന്‍. അഞ്ച് കിലോ കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റ് വിതറി മണ്ണ് കൂട്ടിക്കൊടുക്കുന്നത് നല്ലതാണ്. ഒപ്പം ധാരാളം ഉണങ്ങിയ ഇലകള്‍ ഇട്ട് പുതയിടുന്നതും ഉപകാരികളായ സൂക്ഷ്മജീവികളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്ന ജീവാമൃതം പോലുള്ള ലായനികള്‍ അതിനു മുകളില്‍ ഒഴിച്ചുകൊടുക്കുന്നതും വളര്‍ച്ചയ്ക്ക് നന്ന്. എല്ലാ മാസവും ചെടികള്‍ക്ക് ജീവാമൃതം കൊടുക്കുന്നത് വരള്‍ച്ചയെ ഒരു പരിധിവരെ അതിജീവിക്കാന്‍ അവയെ സഹായിക്കും. കാലിവളം ട്രൈക്കോഡെര്‍മ സമ്പുഷ്ടമാക്കുന്നതും ഏറെ പ്രയോജനം ചെയ്യും.
വര്‍ഷത്തില്‍ മൂന്നു തവണ (കാലവര്‍ഷാരംഭത്തിനു തൊട്ടുമുമ്പും, തുലാവര്‍ഷാരംഭത്തോടെയും,അതിനുശേഷം വേനല്‍മഴയോട് അനുബന്ധിച്ചും) എന്‍.പി.കെ 18 കോംപ്ലക്‌സ് 100 ഗ്രാം വീതം നല്‍കിയാല്‍ ചെടികള്‍ കൂടുതല്‍ കരുത്തോടെ വളരുകയും ശാഖകളും ഉപശാഖകളും വളര്‍ന്ന് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അഗ്രശാഖകളെ പൂ പിടുത്തത്തിന് സജ്ജമാക്കുകയും ചെയ്യും. ആറു വര്‍ഷത്തിനുമേല്‍ പ്രായമുള്ള മരങ്ങള്‍ക്ക് ഒരു കിലോ 18 കോംപ്ലക്‌സ്, 30 കിലോ ചാണകപ്പൊടി/കമ്പോസ്റ്റ് എന്നിവ നല്‍കണം. വിളവെടുപ്പിനെ തുടര്‍ന്നുള്ള കമ്പു കോതലിന് ശേഷമാണ് വളമിടേത്. ഇപ്രകാരം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രമാണ് നൈട്രജന്‍ കലര്‍ന്ന സംയുക്ത വളങ്ങള്‍ നല്‍കേണ്ടത്. കമ്പുകോതലിനു ശേഷം വളര്‍ന്നുവരുന്ന കരുത്തുള്ള ചെറു ശാഖാഗ്രങ്ങളിലാണ് പൂങ്കുലകള്‍ ഉണ്ടാകുന്നത്. പൂ പിടുത്തത്തിന് തൊട്ടുമുന്‍പ് 300 ഗ്രാം മുതല്‍ ഒരു കിലോ വരെ പൊട്ടാഷ് നല്‍കുന്നത് വളരെ നല്ലതാണെന്ന് കണ്ടുവരുന്നു. വിളവെടുപ്പിന്ഏകദേശം ഒരു മാസം മുന്‍പും ഇതേ അളവില്‍ പൊട്ടാഷ് നല്‍കിയാല്‍ ഗുണമേന്മയുള്ള പഴങ്ങള്‍ ലഭിക്കുന്നതാണ്.