info@krishi.info1800-425-1661
Welcome Guest

Farming

നടീല്‍

          രണ്ടടി വലുപ്പവും ഒന്ന്‍ ഒന്നരയടി ആഴവുമുള്ള  കുഴികളെടുത്ത്  മേല്‍ മണ്ണും കാലിവളമോ , ജൈവവളമോ  ഹെക്ടറിനു 12ടണ്ണ്‍   എന്ന തോതില്‍  ചേര്‍ത്ത് കുഴികളില്‍ നിറയ്ക്കുക .   4 മുതല്‍  5  വിത്ത് വീതം  ഒരു കുഴിയില്‍ പാകുക.  മുളച്ച്  രണ്ടാഴ്ചയ്ക്കു ശേഷം ഒരു തടത്തില്‍ നല്ല മൂന്നു തൈകള്‍ വീതം നിര്‍ത്തിയാല്‍ മതി.

വളപ്രയോഗം

(ആവശ്യത്തിനനുസരിച്ച് താഴെപ്പറയുന്ന ഏതെങ്കിലും ജൈവ വളം ചേര്‍ത്ത് കൊടുക്കുക.)

വളം

അളവ്

കാലിവളം /ചാണകം

 8 ടണ്ണ്‍ /ഹെക്ടര്‍

കമ്പോസ്റ്റ്

8 ടണ്ണ്‍ /ഹെക്ടര്‍

മണ്ണിര കമ്പോസ്റ്റ്

4 ടണ്ണ്‍   / ഹെക്ടര്‍

 

വള്ളി വീശുമ്പോഴും പൂവിടുംപോഴും  വളപ്രയോഗം  നടത്തേണ്ടതാണ് .  പൂവിട്ടു തുടങ്ങിയാല്‍  ഒരു കിലോഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത  ലായനി 15  ദിവസത്തെ ഇടവേളകളില്‍ തളിച്ച്കൊടുക്കുക.

          കോവലിന്,നടുന്ന സമയത്തും വള്ളി വീശുമ്പോഴും കുഴിയൊന്നിനു  12.5  കിലോ എന്ന തോതില്‍ കാലി വളമിട്ടു  കൊടുക്കുക .  ദീര്‍ഘകാലം ചെടി നിലനിര്‍ത്തുന്ന  സ്ഥലങ്ങളില്‍  മാസത്തിലൊരിക്കല്‍ ജൈവ വളപ്രയോഗം നടത്തുക.

ജലസേചനം

        വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍  2-3  ദിവസം ഇടവിട്ടും, പൂവും കായും ഉള്ള സമയത്ത് ഒന്നിടവിട്ടും നനയ്ക്കുക. മണല്‍  കലര്‍ന്ന പശിമരാശി മണ്ണില്‍,  വേനല്‍ക്കാലങ്ങളില്‍  2 ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ മതിയാകും.

മറ്റു പരിചരണ മാര്‍ഗ്ഗങ്ങള്‍

പാവല്‍ ,പടവലം ,ചുരയ്ക്ക , പീച്ചിങ്ങ എന്നിവ വള്ളി വീശുമ്പോള്‍  പന്തലിട്ടു  കൊടുക്കുക.  വെള്ളരി , തണ്ണിമത്തന്‍, മത്തന്‍ , കുമ്പളം എന്നിവ തറയില്‍ പടരുന്നതിനുള്ള സംവിധാനമൊരുക്കുക., വളമിടുന്നതിനോപ്പം  കളപറിക്കലും ഇടയിളക്കലും   നടത്തുക.    മഴക്കാലത്ത് മണ്ണു കൂട്ടികൊടുക്കുക.   പച്ചില , വിളയവശിഷ്ടം , വിഘടിച്ച ചകിരിച്ചോര്‍ കമ്പോസ്റ്റ് , തൊണ്ട് , വൈക്കോല്‍ തുടങ്ങിയവ  കൊണ്ട് പുതയിടുക.

സസ്യസംരക്ഷണം

കായീച്ച

  1. കടലാസു കൊണ്ടോ , പോളിത്തീന്‍ കൊണ്ടോ കായ്കള്‍ പൊതിയുക.
  2.  കീടബാധിതമായ കായ്കള്‍ നശിപ്പിക്കുക,  കുഴിച്ചിടുകയോ ആഴത്തില്‍ ബക്കറ്റില്‍ വെള്ളത്തില്‍ മുക്കിവയ്ക്കുകയോ ചെയ്യുക.
  3. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഹെക്ടറിന് 250 കിലോഗ്രാം (100 ഗ്രാം/കുഴി ) എന്നാ തോതില്‍ വേപ്പിന്‍ പിണ്ണാക്കിട്ടു കൊടുക്കുക.
  4. താഴെപ്പറയുന്ന ഏതെങ്കിലും പഴയീച്ച കെണികള്‍ ഉപയോഗിക്കുക.

(i)ഉണക്കമീന്‍  കെണി – ഒരു ചിരട്ടയില്‍ 5ഗ്രാം കുതിര്‍ത്ത  ഉണക്കമീനും 0.5ഗ്രാം ഫുറഡാനും  ചേര്‍ത്ത് വയ്ക്കുക. ഈ ചിരട്ട ഒരു പോളിത്തീന്‍ കവറിടുക .  ചിരട്ടയുടെ മുകളിലെ കവറിന്റെ ഭാഗത്ത്‌ ഒരു സെന്റീമീറ്റര്‍ വ്യാസമുള്ള നാലോ  അഞ്ചോ സുഷിരങ്ങളിട്ട  ശേഷം പന്തലില്‍ തൂക്കിയിടുക. ഫുറഡാനു  പകരം  അനോന വിത്തിന്റെ സത്ത് ഉപയോഗിക്കാവുന്നതാണ്.

(ii)  6:4:1  അനുപാതത്തില്‍ ഈതൈല്‍  ആല്‍ക്കഹോള്‍ , ക്യുലൂര്‍ , മാലത്തയോണ്‍ എന്നിവയടങ്ങിയ ക്യൂലൂര്‍  പ്ലൈവുഡ് കട്ടകളുപയോഗിച്ചും  കെണിയൊരുക്കാം ,    4  മാസത്തെ ഇടവേളകളില്‍  പുതിയ കെണിവക്കുക .  ഫെറമോന്‍  പ്ലൈവുഡ്‌ കെണികള്‍  ഹെക്ടറിനു  10 എണ്ണം എന്ന കണക്കില്‍ സ്ഥാപിക്കുക .

(iii)  ആഹാര കെണികള്‍ ഒരുക്കിയും  പഴയീച്ചയെ (പെണ്‍ഈച്ചയെ) കുടുക്കാം .  20 ഗ്രാം പഴപള്‍പ്പ് , 10 ഗ്രാം ശര്‍ക്കര ,  5%  അനോന കുരു സത്ത്  എന്നിവ 100  മില്ലി ലിറ്റര്‍  വെള്ളത്തില്‍ ചേര്‍ത്ത്  2.5  മീറ്റര്‍  അകലത്തില്‍  സ്ഥാപിക്കുക .  3 ആഴ്ചയ്ക്കു ശേഷം കെണി മാറ്റുക. ചെങ്കദളി, റോബസ്റ്റ , ഞാലിപ്പൂവന്‍ , പാളയംകോടന്‍  പഴങ്ങള്‍  ഉപയോഗിക്കാം.  (ശര്‍ക്കര 80  ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കണം.

(iv)  കാര്‍ബോഫുറാനിന്‍ മുക്കിയ പാളയം കോടന്‍ പഴക്കഷണങ്ങള്‍ , മഞ്ഞ പെയിന്റടിച്ച   ചിരട്ടയിലിട്ട ശേഷം  2  മീറ്റര്‍  അകലത്തില്‍  സ്ഥാപിക്കുക.    പൂവിടുന്നതു മുതല്‍ അവസാന വിളവെടുപ്പ് വരെ , ഏഴു ദിവസത്തിലൊരിക്കല്‍  പഴക്കഷണങ്ങള്‍ മാറ്റി ഈ കെണികള്‍ നിലനിര്‍ത്തേണ്ടതാണ് .

  1.  ബിവേറിയ ബാസിയാന 5%  അല്ലെങ്കില്‍ 5% വീര്യമുള്ള പെസിലോമൈസസ്   ലിലാസിനസ് ഉപയോഗിക്കുക.
  2. 10% വീര്യത്തില്‍ മട്ടിയുടെയും കശുമാവിന്റെയും ഇലച്ചാര്‍ ചേര്‍ത്ത് തയ്യാറാക്കിയ  പച്ചിലസത്ത് തളിക്കുന്നത് പാവലിന്റെ കായീച്ചയ്ക്കെതിരെ ഫലപ്രദമാണ്.

 കുറിപ്പ് : രാസകീടനാശിനികള്‍ കെണിയില്‍ ഉപയോഗിക്കുന്നത് ജൈവസാക്ഷ്യ പത്രം  ലഭ്യമാക്കുന്നതിനു അനുവദനീയമല്ല

മുഞ്ഞ , പച്ചത്തുള്ളന്‍ വെള്ളീച്ച , മണ്ഡരി

1,  2% വീര്യമുള്ള വേപ്പെണ്ണയും വെളുത്തുള്ളി എമല്ഷനും ചേര്‍ത്തുള്ള  മിശ്രിതം  തളിക്കുക .

2. 60ഗ്രാം സോപ്പ് ലായനിയില്‍ വേപ്പെണ്ണയും (80 മില്ലി ) ആവണക്കെണ്ണയും (20 മില്ലി)  സാവധാനം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക . 6 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച  ലായനിയില്‍ 120  ഗ്രാം വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക.    ഇതിന്റെ സത്തെടുത്തു  തളിക്കുക.

3.  മണ്ഡരി , പച്ചത്തുള്ളന്‍, ഇലച്ചാടി എന്നിവയെ  നിയന്ത്രിക്കുന്നതിനു 10% വീര്യമുള്ള മഗ്നീഷ്യം സള്‍ഫേറ്റ് ഇലകളില്‍ തളിച്ചു കൊടുക്കുന്നത്  ചെടികള്‍ക്ക്  കൂടുതല്‍ ശക്തി പകരും.

ഇലയും പൂവും തീനി  (ഡയാഫാനിയ സ്പീഷീസ് )

  1. പുഴുക്കളെ ശേഖരിച്ചു  നശിപ്പിക്കുക.
  2.  10  ഗ്രാം കാന്താരിമുളക് 1 ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് ലായനി തയ്യാറാക്കുക.   ഇതില്‍ 9  ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിക്കുക.
  3. ബിവേറിയ ബാസ്സിയാന ഉപയോഗിക്കുക.

ചിത്രകീടം

 4%  വീര്യമുള്ള വേപ്പിന്‍ കുരു സത്ത് രാവിലെ 8  മണിയ്ക്ക് മുമ്പായി  തളിക്കുക .

എപ്പിലാക്ന വണ്ട്‌

  1. ഇലകളില്‍ കാണുന്ന വണ്ടുകളെയും  മുട്ടകളെയും പുഴുക്കളെയും പരാദീകരിച്ച് (തവിട്ടു നിറത്തിലുള്ള) പുഴുവും പൂപ്പയും ഒരു പോളിത്തീന്‍ കവറില്‍ ഇട്ട് സൂക്ഷിക്കുക അതില്‍ നിന്നും വരുന്നവയെ തോട്ടത്തില്‍ വിട്ട് ജൈവീക നിയന്ത്രണം നടത്തുക.
  2. ക്രൈസോകാരിസ് ജോണ്‍സോണി  എന്ന മിത്ര കീടത്തിന്റെ ലാര്‍വകളും പ്യൂപ്പകളും  ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാം.
  3. ബീവേറിയ ബാസ്സിയാന , പെസിലോമൈസസ് ലിലാസിനസ് എന്നിവ ഉപയോഗിക്കുക.
  4. മട്ടിയുടെയും കശുമാവിന്റെയും  ഇലച്ചാര്‍ മിശ്രിതം  10% വീര്യത്തില്‍ തയ്യാറാക്കി  തളിക്കുക.
  5. വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍  (2%) തളിക്കുക.

രോഗങ്ങള്‍

മൊസൈക്ക്

രോഗം ബാധിച്ച ചെടികളുടെയും  രോഗവാഹികളായ കളകളെയും നശിപ്പിക്കുക.

രോഗവാഹികളായ കീടങ്ങളെ നിയന്ത്രിക്കാന്‍ 2% വീര്യമുള്ള വേപ്പധിഷ്ടിത കീടനാശിനി തളിക്കുക.