മാവ് ഒരു ദീർഘകാല വിളയാണ്. അതുകൊണ്ട് പുതിയതായി നടാൻ സ്ഥലം ഒരുക്കുമ്പോഴും തൈ വാങ്ങുമ്പോഴും അത് നടുമ്പോഴും പരിചരിക്കുമ്പോളും എല്ലാം കാര്യമായ ശ്രദ്ധ ആവശ്യമാണ്.
ഒരു തനിവിളയായി മാത്രം നടുകയാണെങ്കിൽ തൈകൾ തമ്മിൽ 9 മീറ്റർ ഇടയകലം നൽകണം .എന്നാൽ ഇടവിളയാകുമ്പോൾ അത് സാധിക്കുകയില്ല .സമചതുരത്തിൽ നട്ടിരിക്കുന്ന 4 തെങ്ങുകളുടെ നടുവിൽ ഒരു മാവിൻതൈ നടാവുന്നതാണ്.
തൈക്കുഴി തയ്യാറാക്കുന്നതിന് മണ്ണിനെ സ്വഭാവം കൂടി കണക്കിലെടുത്തായിരിക്കണം .കളിമണ്ണിന്‍റെ അംശം കൂടുതലുള്ള നല്ല ഉറപ്പുള്ള മണ്ണിൽ ആണെങ്കിൽ ഒരുമീറ്റർ സമചതുരവും താഴ്ചയുമുള്ള കുഴിയാണ് നല്ലത്. എന്നാൽ മണൽ മണ്ണിൽ 50 മുതൽ 75 സെൻറീമീറ്റർ സമചതുരവും ആഴവുമുള്ള കുഴി മതിയാകും. മറ്റൊരു പ്രധാന കാര്യം തൈ നടുന്നതിന് ഒരു മാസം മുൻപെങ്കിലും കുഴി തയ്യാറാക്കണം എന്നതാണ്. കാലവർഷാരംഭത്തോടെ മാവിന്‍ തൈ നടാം.തൈക്ക് ശരിയായി വേര് പിടിച്ചു വളരാൻ യോജിച്ച കാലാവസ്ഥയാണിത്. മേയ് അവസാനത്തോടെ ആദ്യ മഴ ലഭിക്കുമ്പോഴാണ് സാധാരണയായി തൈ നടുക. ഇങ്ങനെയായാൽ ജൂൺ -ജൂലൈയിൽ മഴ ശക്തി പ്രാപിക്കുമ്പോഴേക്കും തൈ പിടിച്ചു കിട്ടും. ഇതു പൊതു തത്വം ആണെങ്കിലും നനയ്ക്കാൻ സൗകര്യമുള്ളപ്പോൾ ഏതു മാസത്തിലും മാവ് നടാം.
നല്ല തൈ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ നേരത്തെ തയ്യാറാക്കിയിരിക്കുന്ന കുഴിയിൽ നടാം .വളക്കൂറുള്ള മേൽമണ്ണ് ഇട്ട് കുഴി മൂടിയശേഷം മധ്യഭാഗത്തായി ഒരു ചെറിയ കുഴി കൂടി ഉണ്ടാക്കുന്നു. വേരിനും അതിനെ പൊതിഞ്ഞിരിക്കുന്ന മണ്ണിനും ഉലച്ചിൽ തട്ടാതെ തൈ മെല്ലെയിളക്കി ഈ കുഴിയിൽ നടുന്നു .നടുമ്പോൾ തൈ ചെരിയരുത്.തൈ പോളിത്തീൻ കവറിൽ എത്ര ആഴത്തിലായിരുന്നുവോ അത്രയും ആഴത്തിൽ തന്നെ വേണം കുഴിയിൽ നടാന്‍. താഴ്ത്തി നടരുത്. ഒട്ടുസന്ധി മണ്ണിനടിയിലായി പോകുകയും അരുത്. തൈക്കുചുറ്റും മണ്ണിട്ട് നന്നായി അമർത്തി ഉറപ്പിക്കണം .നട്ട ഉടന്‍ മഴയില്ലെങ്കിൽ നനയ്ക്കുകയും വേണം. കാറ്റുകൊണ്ട് തൈ ഉലയാനും അങ്ങനെ ഒട്ടുസന്ധി ഇളകാനും സാധ്യതയുണ്ട് .ഇങ്ങനെ ഉണ്ടാകാതിരിക്കാൻ നട്ട ഉടൻതന്നെ അടുത്ത കുറ്റി നാട്ടി തൈ അതിനോട് ചേർത്ത് കെട്ടണം. ഒട്ടു സന്ധിയുടെ താഴെ സ്റ്റോക്കിൽ നിന്ന് ചിലപ്പോൾ മുളകൾ പൊട്ടി വളരുന്നത് കാണാം.ഇത് അപ്പോൾ നുള്ളിക്കളയണം .ഒട്ടുതൈകൾ നട്ട ഉടനെ ഒന്നോരണ്ടോ വർഷംകൊണ്ട് പുഷ്പിക്കാൻ തുടങ്ങുന്നതായി കാണാം.ഈ പൂവുകൾ നശിപ്പിച്ച് കളയണം. ചുരുക്കത്തിൽ മാവിൻതൈകൾ നാലു വയസ്സെങ്കിലും ആകുന്നതുവരെ കായ്ക്കാൻ അനുവദിക്കരുത്.
മരമൊന്നിന് 25 കിലോഗ്രാം പച്ചിലവളവും 10 മുതൽ 15 കിലോഗ്രാംവരെ വെണ്ണീറും കൂടി കൊടുക്കുന്നത് നല്ലതാണ്. ജൈവവളങ്ങൾ ആദ്യത്തെ ഇടവപ്പാതി മഴ ലഭിക്കുമ്പോൾ തന്നെ കടയ്ക്കൽ ഇട്ടു കൊടുക്കേണ്ടതാണ്.
മരങ്ങൾ കായ്ച്ചു തുടങ്ങുന്നതിനു മുമ്പുള്ള വർഷങ്ങളിൽ രാസവളങ്ങൾ ഒറ്റത്തവണയായി മെയ്-ജൂൺ മാസങ്ങളിൽ ഇട്ടുകൊടുക്കുന്നതാണ് ഉത്തമം .എന്നാൽ കായ്ച്ചു തുടങ്ങിയ മരങ്ങൾക്ക് രാസവളങ്ങൾ രണ്ടു തുല്യ ഗഡുക്കളായി മെയ്- ജൂണിലും പിന്നീട് ആഗസ്റ്റ് -സെപ്റ്റംബർ മാസത്തിലും ആയി കൊടുക്കുന്നത് നന്നായിരിക്കും. ചുറ്റും തൈകൾക്ക് തടിയിൽ നിന്ന് ഏകദേശം 30 സെൻറീമീറ്റർ വിട്ട് ആഴംകുറഞ്ഞ ചാല്‍ ഉണ്ടാക്കി അതിൽ വളം ഇട്ടുകൊടുക്കാം. വളർച്ചയനുസരിച്ച് തടിയിൽ നിന്ന് 15 മുതൽ 30 സെൻറീമീറ്റർ അകലം വിട്ട് വേണം ഓരോവർഷവും ചാലെടുക്കാന്‍ . കായ്ക്കുന്ന മരങ്ങൾ തടിയിൽ നിന്ന് 2.5 മുതൽ 3 മീറ്റർ അകലത്തിൽ 30 സെൻറീമീറ്റർ താഴ്ചയുള്ള വളപ്രയോഗം നടത്തേണ്ടത്.
കായിക പ്രവര്ധനം:
ഒട്ടുമാവിൻ തൈകൾ വിജയകരമായി ഉണ്ടാക്കാൻ സാധിക്കുന്ന ഒരു രീതിയാണ് സ്റ്റോൺ ഗ്രാഫ്റ്റിങ്ങ്. രണ്ടോ മൂന്നോ ആഴ്ച മാത്രം പ്രായമുള്ള തൈകളിലാണ് ഒട്ടിക്കൽ നടത്തുന്നത്. ത ണ്ടിനെയും ഇലയുടെയും ചെമ്പ് കലർന്ന നിറം മാറുന്നതിന് മുമ്പ് ഒട്ടിക്കൽ നടത്തുകയും വേണം. ആയതിനാൽ വളരെ സൂക്ഷ്മതയോടെ വേണം ഒട്ടികാന്‍. സ്റ്റോക്ക് തൈയുടെ തലപ്പ് ഏകദേശം 10 സെൻറീമീറ്റർ ഉയരത്തിൽ വച്ച് മുറിച്ചു നീക്കുന്നു .മുറിച്ച് ഭാഗത്തുനിന്ന് ഏതാണ്ട് മൂന്നുമുതൽ നാല് സെൻറീമീറ്റർ നീളത്തിൽ മധ്യഭാഗത്തുകൂടെ നേരെ താഴേക്ക് ഒരു പിളര്‍പ്പ് ഉണ്ടാക്കുന്നു .ഇതേ കനത്തിലുള്ള ഒട്ടുകമ്പ് തന്നെ മാതൃവൃക്ഷത്തിൽ നിന്ന് മുറിച്ചെടുക്കുകയും വേണം. ഈ കമ്പ് മുറിച്ചു എടുക്കുന്നതിനുമുമ്പ് തലപ്പത്തുനിന്ന് താഴേക്ക് 10 സെൻറ്മീറ്റർ നീളത്തിൽ ഇലകൾ മുറിച്ചു നീക്കണം .ഞെട്ടിന്റെ ചെറിയ കഷ്ണം നിർത്തിവേണം ഇലകൾ മുറിക്കാന്‍.ഈ കമ്പിന്റെ ചുവടുഭാഗത്ത് രണ്ടുവശങ്ങളിലുമായി മൂന്നുമുതൽ നാല് സെൻറീമീറ്റർ നീളത്തിൽ ചരിച്ച് ചെത്തി പിന്നെ ആപ്പ് ആകൃതിയിലാക്കുന്നു .സ്റ്റോക്ക് തയ്യിൽ ഉണ്ടായ പിളർപ്പിലേക്ക് ആപ്പു പോലുള്ള ഭാഗം കടത്തിയതിനുശേഷം പോളിത്തീൻ നാടകൊണ്ട് ഒട്ടിച്ച് ഭാഗം വിരിഞ്ഞു കെട്ടണം .ഇതു തണലത്തു വച്ച് നനയ്ക്കണം.ഒട്ടിക്കല്‍ വിജയിച്ചുവെങ്കില്‍ സയോൺകമ്പിൽ മൂന്നാഴ്ച്ച കൊണ്ട് തളിരുകൾ വരും. അഞ്ചോ ആറോ മാസത്തെ വളർച്ചകൊണ്ട് ഇവ മാറ്റി നടുകയും ചെയ്യാം. വളരെ കുറച്ച് സമയം കൊണ്ട് വിജയകരമായി ചെയ്യാം എന്നതാണ് സ്റ്റോൺ ഗ്രാഫ്ട്ടിന്റെ സവിശേഷത .