info@krishi.info1800-425-1661
Welcome Guest

Farming

സമുദ്രനിരപ്പിലുള്ള സ്ഥലങ്ങള്‍ മുതല്‍ 1000 മീറ്റര്‍ ഉയരത്തില്‍ വരെ സ്ഥിതി ചെയ്യുന്ന ആര്‍ദ്രതയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളാണ് വാഴകൃഷിക്ക് ഏറ്റവും അനുയോജ്യം.  സമുദ്ര നിരപ്പില്‍ നിന്നും 1200 മീ. ഉയരമുള്ള പ്രദേശങ്ങളില്‍ വരെ വാഴ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഉയരം കൂടുതലുള്ള സ്ഥലങ്ങളില്‍ വളര്‍ച്ച കുറവായിരിക്കും.  വളര്‍ച്ചയ്ക്ക് ഏറ്റവുമനുയോജ്യമായ താപനില  27 ഡിഗ്രി സെല്‍ഷ്യസാണ്  നല്ല ഫലഭൂയിഷ്ടമായ ഈര്പ്പാംശമുള്ള മണ്ണാണ്‌  വാഴകൃഷിക്ക് ഏറ്റവും  നല്ലത്.

കൃഷിക്കാലം

          മഴയെ ആശ്രയിച്ച് ഏപ്രില്‍  - മേയ് മാസങ്ങളിലും ജലസേചിത വിളയായി ആഗസ്റ്റ്‌ - സെപ്റ്റംബര്‍ മാസങ്ങളിലും  നടാം.  പ്രാദേശികമായി നടീല്‍ കാലം ക്രമപ്പെടുത്തേണ്ടതാണ്.  നല്ല മഴക്കാലത്തും കടുത്ത വേനലിലും വാഴ നടുന്നത് നല്ലതല്ല.  ഉയര്‍ന്ന താപനിലയും വരള്‍ച്ചയും വിളവിനെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍, നട്ട് ഏഴെട്ടു മാസം കഴിഞ്ഞ് കുല പുറത്ത് വരുന്ന സമയത്ത്, ഇത് ഒഴിവാക്കുന്ന രീതിയില്‍ നടീല്‍ സമയം ക്രമികരിക്കേണ്ടാതാണ്

ഇനങ്ങള്‍

 1. നേന്ത്രന്‍ - നെടുനേന്ത്രന്‍, സാന്‍സിബാര്‍, ചെങ്ങാലിക്കൊടന്‍, മഞ്ചേരി നേന്ത്രന്‍
 2. പഴത്തിനായി ഉപയോഗിക്കുന്നവ – മോണ്‍സ് മേരി, റോബസ്റ്റ, ഗ്രാന്‍റ് നെയിന്‍, ഡാര്ഫ് കാവന്‍ഡിഷ്‌, ചെങ്കദളി, പാളയംകോടന്‍, ഞാലിപ്പൂവന്‍, അമൃതസാഗര്‍, ഗ്രോമിഷേല്‍, കര്പ്പൂരവള്ളി, പൂങ്കള്ളി, കൂമ്പില്ലാകണ്ണന്‍, ചിനാലി, ദുധ് സാഗര്‍, ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, പൂവന്‍, കപ്പ വാഴ.
 3. കറിക്കായി ഉപയോഗിക്കുന്നവ – മൊന്തന്‍, ബത്തീസ്, കാഞ്ചികേല, നേന്ത്രപടറ്റി

(കുറിപ്പ് – ഇതില്‍ മഞ്ചേരി നേന്ത്രന്‍ -2, ദുധ് സാഗര്‍, ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, എന്നീ ഇനങ്ങള്‍ക്ക് സിഗറ്റോഗ ഇലപ്പുള്ളി രോഗത്തിനെതിരെ താരതമ്യെന രോഗപ്രതിരോധ ശേഷിയുണ്ട്.)

    ഞാലിപ്പൂവന്‍, കര്പ്പൂരവള്ളി, കൂമ്പില്ലാകണ്ണന്‍, കാഞ്ചികേല എന്നീ ഇനങ്ങള്‍ക്ക് കുറുനാമ്പ് രോഗത്തിനെതിരെ താരതമ്യെന പ്രതിരോധ ശേഷിയുണ്ട്.

          ഞാലിപ്പൂവന്‍, പാളയംകോടന്‍, റോബസ്റ്റ, ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, എന്നീ ഇനങ്ങള്‍ മഴക്കാല വിളയായും ജലസേചനത്തെ ആശ്രയിച്ചും തെങ്ങിന്‍ തൂപ്പുകളില്‍ ഇടവിളയായും നടാന്‍ അനുയോജ്യമാണ്. ദുധ് സാഗര്‍ എന്നാ ഇനത്തിന് പ്രധാനപ്പെട്ട എല്ലാ കീടരോഗങ്ങള്‍ക്കെതിരെയും പ്രതിരോധ ശേഷിയുണ്ട്. ബോഡ് ലസ് അല്‍ട്ടഫോര്‍ട്ട് എന്നയിനം ഹൈറേഞ്ചുകള്‍ക്ക് അനുയോജ്യമാണ് .

നിലമൊരുക്കല്‍

    ഉഴുതോ കിളച്ചോ നിലമൊരുക്കി കുഴികള്‍ തയ്യാറാക്കുക. മണ്ണിന്‍റെ തരം വാഴയിനം, ഭുഗര്ഭ ജലനിരപ്പ്, എന്നിവയനുസരിച്ച് കുഴിയുടെ വലിപ്പം വ്യത്യാസപ്പെടും.  പൊതുവേ 50 x 50 സെ. മീറ്റര്‍  അളവിലുള്ള കുഴികളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.  താഴ്ന്ന പ്രദേശങ്ങളില്‍ കൂന കൂട്ടി വേണം കന്നു നടാന്‍.

കന്നുകള്‍ തെരഞ്ഞെടുക്കല്‍

          മൂന്നോ നാലോ മാസം പ്രായമുള്ള ആരോഗ്യമുള്ള സുചികന്നുകളാണ് നടാന്‍ തെരഞ്ഞെടുക്കേണ്ടത്. കുല വെട്ടി കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ കന്നുകള്‍ ഇളക്കിഎടുക്കണം.നേന്ത്രവാഴ നടുമ്പോള്‍ മാണത്തിന് മുകളില്‍ 15  മുതല്‍ 20 സെ. മീറ്റര്‍ ശേഷിക്കത്തക്കവണ്ണം കന്നിന്റെ മുകള്‍ ഭാഗം മുറിച്ചു കളഞ്ഞശേഷം നടണം.  അതോടൊപ്പം വേരുകളും വലിപ്പമുള്ള പാര്ശ്വമുഖങ്ങളും കേടുള്ള മാണ ഭാഗങ്ങളും നീക്കം ചെയ്യണം.

    നിമവിരബാധ തടയുന്നതിനായി കന്നുകള്‍ 50 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളത്തില്‍ 10 മിനിറ്റ് മുക്കി വയ്ക്കണം. അതിനു ശേഷം ചാണകവും ചാരവും കലക്കിയ വെള്ളത്തില്‍ മുക്കിയെടുത്ത് മൂന്നു നാലു ദിവസം വെയിലത്ത് വച്ച്ച്ചുണക്കണം.. ഇപ്രകാരം ഉണക്കിയ കന്നുകള്‍ 15 ദിവസത്തോളം തണലില്‍ സൂക്ഷിക്കാവുന്നതാണ്. നടുന്നതിന് മുമ്പ് അര മണി ക്കൂര് 2%  സ്യൂഡോമോണസ് ഫ്ളുറസന്‍സ് ലായനിയില്‍ മുക്കി വയ്ക്കുന്നത് ഗുണകരമാണ്.

വിവിധയിനം വാഴകളുടെ തെരഞ്ഞെടുത്ത എക്കോ ടൈപ്പുകളിലും ഉലപാധിപ്പിച്ച്ച്ച  നല്ല ഗുണമേന്മയുള്ള രോഗ കീടബാധയില്ലാത്ത ഓരോ തരത്തിലുള്ള ടിഷ്യുകള്‍ച്ചര്‍ തൈകള്‍ കൃഷി ചെയ്യുന്നത് വാഴയുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കും.

നടീല്‍

          വാഴക്കുഴിയുടെ നടുവിലായി കന്നുകള്‍ കുത്തി നിറുത്തി കണ്ണിന്റെ മുകള്‍ ഭാഗം മണ്ണിന്‍റെ ഉപരിതലത്തില്‍ നിന്നും 5 സെ. മിറ്റര്‍ ഉയര്ന്നു നില്‍ക്കുന്ന രീതിയില്‍ നടുക. ജൈവവളങ്ങളും ട്രൈക്കോഡര്‍മ  ഹാര്‍സിയാനം എന്ന ജീവാണുവും  100 : 1  എന്നഅനുപാതത്തില്‍ നടുന്നതിന് മുന്‍പ് കുഴികളില്‍ ചേര്‍ക്കുക.  കന്നിന് ചുറ്റിനും മണ്ണ്‍ അമര്‍ത്തികൂട്ടണം

വളപ്രയോഗം

 1. കാലി വളമോ,  കമ്പോസ്റ്റോ, പച്ചിലകളോ വാഴയൊന്നിനു 10 കി. ഗ്രാം എന്ന തോതില്‍ നടുമ്പോള്‍ ചേര്‍ക്കണം.
 2. 500 ഗ്രാം കുമ്മായം കുഴികളില്‍ ചേര്‍ത്ത് വിഘടിക്കുന്നതിന് അനുവദിക്കുക.
 3. മണ്ണിരവളം കുഴിയൊന്നിനു 2 കിലോ എന്ന തോതില്‍ ചേര്‍ത്തുകൊടുക്കുക .
 4. കപ്പലണ്ടി പിണ്ണാക്ക് /വേപ്പിന്‍ പിണ്ണാക്ക്  കുഴിയൊന്നിനു 1  കി. ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് ചേര്‍ക്കുക.
 5. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, ജീവാണു വളങ്ങള്‍ - പിജിപിആര്‍ മിശ്രിതം -1 എന്നിവ കുഴിയൊന്നിനു 50  മുതല്‍ 100  ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് ചേര്‍ക്കേണ്ടതാണ്.  ജീവാണു വളം  5 കിലോ കാലിവളവുമായി ചേര്‍ത്തുവേണം ഉപയോഗിക്കേണ്ടത്. വളപ്രയോഗ സമയത്ത് മണ്ണില്‍ ആവശ്യത്തിനു ഈര്‍പ്പമുണ്ടെന്ന്‍ ഉറപ്പാക്കണം.
 6. പഞ്ചഗവ്യം 3% വീര്യത്തില്‍, നട്ട് 3,6,9 മാസങ്ങളിലായി, ഇലകളില്‍ തളിച്ചു കൊടുക്കണം. നട്ടു കഴിഞ്ഞ് ചണമ്പ് / ഡയ്ഞ്ച / വന്‍പയര്‍ എന്നീ പച്ചിലവള വിളകളുടെ വിത്തുകളിലേതെങ്കിലും ഒന്ന്‍ ഹെക്ടറിന് 50  കി. ഗ്രാം എന്ന തോതില്‍  (ഒരു ചെടിയ്ക്ക് 20  ഗ്രാം ലഭിക്കത്തക്കവിധം വിതയ്ക്കണം). വിതച്ച് 40 ദിവസത്തിനു ശേഷം  ഇവ മണ്ണില്‍ ചേര്‍ത്തു കൊടുക്കണം. പച്ചില വള വിളകളുടെ വിത വീണ്ടും ആവര്‍ത്തിച്ചു 40  ദിവസം കഴിഞ്ഞ് വീണ്ടും മണ്ണില്‍ ചേര്‍ത്തു കൊടുക്കുക.  വാഴയില, കുലത്തണ്ട് എന്നിവ കൊണ്ടുണ്ടാക്കുന്ന കമ്പോസ്റ്റില്‍ പൊട്ടാസ്യത്തിന്റെ അംശം ധാരാളമായുണ്ട്. ജൈവവാഴ കൃഷിയില്‍ തോട്ടങ്ങളില്‍ തന്നെ വെര്‍മി കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനു ശുപാര്‍ശ ചെയ്യുന്നു.

നട്ടു കഴിഞ്ഞ് രണ്ടാമത്തേയും നാലാമത്തേയും മാസങ്ങളില്‍ 2 തുല്യ തവണകളായി ജൈവ വളങ്ങള്‍ ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്. 

ജലസേചനം

 1. വേനല്‍മാസങ്ങളില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ നനയ്ക്കണം
 2. നല്ല നീര്‍വാര്ചച്ച ഉറപ്പാക്കുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും വേണം.
 3. മണ്ണിന്‍റെ സ്വഭാവം അനുസരിച്ച് ഓരോ വിളക്കാലത്തും 6 മുതല്‍ 10  തവണ ജലസേചനം നടത്തേണ്ടതാണ്.
 4. ഭൂഗര്‍ഭ ജലോപരിതലം താഴ്ന്ന പ്രദേശങ്ങളില്‍, ഒക്റ്റോബര്‍ മാസത്തില്‍ നടുന്ന നേന്ത്രന്, വേനല്‍ക്കാലത്ത് 2 ദിവസത്തിലൊരിക്കല്‍ ചെടിയൊന്നിനു 40 ലിറ്റര്‍ ജലസേചനം നടത്തുന്നത്, കുല തൂക്കം കൂട്ടുന്നതിനും ഫലപ്രദമായി ജലം ഉപയോഗിക്കുന്നതിനും സഹായിക്കും. വാഴ തടങ്ങളില്‍ വയ്ക്കോല്‍ കൊണ്ട് പുതയിടുന്നതും കുല നന്നാകുന്നതിന് സഹായിക്കും.

 

കള നിയന്ത്രണം

     വിലയുടെ ആദ്യഘട്ടങ്ങളില്‍, വന്‍പയര്‍ ഇടവിളയായി കൃഷി ചെയ്യുന്നത് കളനിയന്ത്രണത്തിന്‌ സഹായിക്കും. കളയുടെ ആധിക്യമനുസരിച്ച്ച്  4-5  തവണ ഇടയിളക്കുന്നത് കളകളെ നിയന്ത്രിക്കും. ആഴത്തില്‍ ഇടയിളക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുല വിരിഞ്ഞതിനുശേഷം വാഴയിട ഇളക്കുന്നത് നല്ലതല്ല. ഇടവിളയായി പച്ചിലവളച്ചെടികള്‍ നടുന്നതും പുതയിടുന്നതും കളനിയന്ത്രണത്തിനെ സഹായിക്കും.

കന്നു നശീകരണം

     കുലകള്‍ വിരിയുന്നതുവരെയുണ്ടാകുന്ന കന്നുകള്‍ മാതൃവാഴയ്ക്ക് ദോഷം വരാത്ത രീതിയില്‍ നശിപ്പിക്കണം. വാഴക്കുല വിരിഞ്ഞതിനു ശേഷം വരുന്ന ഒന്നോ രണ്ടോ കന്നുകള്‍ നിലനിര്‍ത്താം.

ഇടവിളകള്‍

     വാഴത്തോട്ടത്തില്‍ ഇടവിളയായി ചീര, ചേമ്പ്, ചേന തുടങ്ങിയവ ജൈവ രീതിയില്‍ ആദായകരമായി കൃഷി ചെയ്യാം.

സസ്യസംരക്ഷണം

കീടങ്ങള്‍

തടതുരപ്പന്‍ പുഴു

     വാഴകൃഷിയ്ക്ക് ഏറ്റവും വലിയ ഭീഷണിയായിട്ടുള്ള കീടമാണ്‌ ഇത്.  വാഴ നട്ട് ആറാം മാസം മുതല്‍ ഇതു ചെടിയെ ആക്രമിക്കുന്നു. പെണ്‍ വണ്ടുകള്‍ വാഴയുടെ തട/പിണ്ടിയില്‍ കുത്തുകളുണ്ടാക്കി പോളകള്‍ക്കുള്ളിലെ  വായു അറകളില്‍ മുട്ടകള്‍ നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന തടിച്ച പുഴുക്കള്‍ വാഴത്തടയുറെ ഉള്‍ഭാഗം കാര്‍ന്നു തിന്നുകയും വാഴ ഒടിഞ്ഞു വീഴുകയും ചെയ്യുന്നു.

 

നിയന്ത്രണ മാര്‍ഗങ്ങള്‍

 1. വാഴത്തോട്ടം വൃത്തിയായി സൂക്ഷിക്കുക. ഉണങ്ങിയ വാഴയിലകള്‍ വെട്ടി മാറ്റുക.
 2. കീടബാധ രൂക്ഷമായ ചെടികള്‍ മാണമുല്‍പ്പെടെ വെട്ടി മാറ്റി തീയിട്ടു നശിപ്പിക്കുക.
 3. കുല വെട്ടിയെടുത്ത വാഴകളുടെ തറകള്‍ നശിപ്പിച്ചു കളയുക.
 4. പുറം ഭാഗത്തൂള്ള വാഴത്തടകള്‍ അഞ്ചാം മാസം മുതല്‍ അടര്‍ത്തിയെടുത്ത ശേഷം താഴെ പറയുന്ന മാര്‍ഗങ്ങളില്‍ ഏതെങ്കിലും അനുവര്‍ത്തിക്കുക.

എ) വാഴത്തടയ്ക്ക് ചുറ്റുമായി ചെളി പൂശുക. കീടാക്രമണം ശ്രദ്ധയില്‍പെടുകയാണെങ്കില്‍ ചെളികൂട്ടിനൊപ്പം 3% വീര്യത്തിലുള്ള  (30 മില്ലി/ലിറ്റര്‍) വേപ്പെണ്ണ എമല്‍ഷന്‍ ചെളി കൂട്ടുമായി ചേര്‍ത്ത് തടയില്‍ പുരട്ടുക.

ബി)     വേപ്പ് അധിഷ്ഠിതകീടനാശിനി (അസാഡിറാക്ടിന്‍ 0.004%) അഞ്ചാം മാസം മുതല്‍ ഓരോ മാസം ഇടവിട്ട് വാഴത്തടയില്‍ തളിച്ചു കൊടുക്കുകയും ഇലക്കവിളുകളില്‍ ഒഴിച്ചു കൊടുക്കുകയും വേണം. (4 മില്ലി / 100 മില്ലി).

സി)    മിത്രകുമിളുകളായ ബീവേറിയ ബാസിയാന (2%) അല്ലെങ്കില്‍  മെറ്റാറൈസിയം അമനെസോപ്ലിയേ  എന്നിവയില്‍ ഏതെങ്കിലുമൊന്ന്‍ വാഴത്തടയില്‍ തളിച്ചു കൊടുക്കുകയോ ഇലക്കവിളുകളില്‍ ഒഴിച്ചു കൊടുക്കുകയോ ചെയ്യുക.

ഡി)    മിത്രനിമവിരകള്‍ തളിച്ചു കൊടുക്കുകയോ ഇലക്കവിളുകളില്‍ ഒഴിച്ചു കൊടുക്കുകയോ ചെയ്യുക.

ഇ)      കുല വെട്ടിയശേഷമുള്ള വാഴത്തട രണ്ടടി നീളത്തില്‍ മുറിച്ച് നെടുകെ പിളര്‍ന്നു അഞ്ചു മാസം പ്രായമുള്ള വാഴത്തോട്ടങ്ങളില്‍ അവിടവിടെയായി വയ്ക്കുക. വണ്ടുകള്‍ ഇവയ്ക്കുള്ളില്‍ കൂടിയിരിക്കുന്നത് കാണാം. ഇവയെ ശേഖരിച്ച് നശിപ്പിക്കണം.

മാണവണ്ട്

          വാഴയുടെ മാണത്തിലോ തടയുടെ ചുവട്ടിലോ ഇവ മുട്ടയിടുന്നു. വണ്ടുകളും വിരിഞ്ഞുവരുന്ന പുഴുക്കളും മാണം തുരന്നു തിന്ന്‍  നശിപ്പിക്കും. കൂമ്പില നശിക്കുമ്പോള്‍ ചെടിയും നശിക്കുന്നു.  കൂമ്പിലകള്‍ തുറക്കാതിരിക്കുക, പുതിയ ഇലകള്‍ വിരിയാതിരിക്കുക, ഇലകളുടെ എണ്ണവും കുലവലിപ്പവും കുറയുക തുടങ്ങിയവ കീടാക്രമണത്തിന്‍റെ ലക്ഷണങ്ങളാണ്.

നിയന്ത്രണ മാര്‍ഗങ്ങള്‍

 1. കീടബാധയില്ലാത്ത നടീല്‍ വസ്തുക്കള്‍ തെരഞ്ഞെടുക്കുക.
 2. മണ്ണിലുള്ള പഴയ മാണങ്ങളും അവശിഷ്ടങ്ങളും പുഴുക്കളും നശിക്കുന്നതിന് വാഴ നടുന്നതിന് മുന്‍പ് മണ്ണ്‍ നന്നായി കിളച്ച്ചു മറിച്ച് വെയില്‍ കൊള്ളിക്കണം.
 3. തെരഞ്ഞെടുത്ത കന്നുകളുടെ പുറം ചെത്തി വൃത്തിയാക്കി ചാണകവും ചാരവും കലക്കിയ കുഴമ്പില്‍ മുക്കി തണലത്തുവയ്ക്കുക.
 4. കുല വെട്ടിയശേഷമുള്ള വാഴത്തട മുറിച്ച് നെടുകെ പിളര്‍ന്നു വാഴത്തോട്ടങ്ങളില്‍  വയ്ക്കുക. ഇവയില്‍ വന്നിരിക്കുന്ന വണ്ടുകളെ ദിവസേന നശിപ്പിക്കുക.
 5. കോസ്മോല്യുര്‍ ഫെറമോന്‍ കെണി വണ്ടിനെ ആകര്‍ഷിക്കും. ഈ കെണി വര്‍ഷം മുഴുവന്‍ തോട്ടത്തില്‍ വയ്ക്കാം. ഫെറമോന്‍ സാഷേ 45 ദിവസത്തിലൊരിക്കല്‍  മാറ്റണം.  കെണിയില്‍ ശേഖരിക്കുന്ന വണ്ടിന്റെ എണ്ണം കുറയുമ്പോള്‍ കെണിയുടെ സ്ഥാനം മാറ്റി വയ്ക്കുക.
 6. വാഴയുടെ പ്രായത്തിനനുസരിച്ച് ബീവെറിയ ബാസിയാന അല്ലെങ്കില്‍ മിത്രനിമവിരകള്‍ ചെടിയില്‍ തളിച്ചു കൊടുക്കുകയോ മണ്ണില്‍ ഒഴിച്ചു കൊടുക്കുകയോ ചെയ്യുക.  വാഴക്കുഴികളില്‍ ചതച്ച വേപ്പിന്‍കുരു ചെടിയൊന്നിന് 1 കിലോ എന്ന തോതില്‍ ഇട്ടു കൊടുക്കുക.

 

വാഴപ്പേന്‍

          വാഴയുടെ വൈറല്‍ രോഗങ്ങള്‍ പരത്തുന്ന ഒരു കീടമാണ്‌ വാഴപ്പേന്‍. ഇതിനെതിരെ മിത്ര കുമിളായ വെര്‍ട്ടിസീലിയം ലീക്കാനി  വാഴപ്പേന്‍ കാണുന്ന സ്ഥലങ്ങളില്‍ തളിച്ചു കൊടുക്കുക.

നിമാവിരകള്‍

          വേരു തുരപ്പന്‍ നിമാ വിര, വേര് ബന്ധക നിമാവിര, വേര് ചീയല്‍ നിമാ വിര, സിസ്റ്റ് നിമാവിര എന്നിവയാണ് വാഴയെ ആക്രമിക്കുന്ന പ്രധാന  നിമാവിരകള്‍.  വേരുകള്‍ നശിക്കുന്നതോറൊപ്പം ഇലകളുടെ എണ്ണത്തിലും കുലയുടെ വലിപ്പത്തിലും പടലകളുടെ എണ്ണത്തിലും കുറവുണ്ടാകുന്നതാണ് ലക്ഷണം.

നിയന്ത്രണ മാര്‍ഗങ്ങള്‍

          വാഴക്കന്നുകള്‍ ചെത്തി 45  മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളത്തില്‍ നടുന്നതിന് മുന്‍പ് മുക്കി വയ്ക്കുക.  നടുമ്പോള്‍ ചെടിയൊന്നിനു 1 കിലോ വേപ്പിന്‍ പിണ്ണാക്ക്  എന്ന തോതില്‍ കുഴിയില്‍ ചേര്‍ത്തു കൊടുക്കുക. ബന്ദിപ്പൂക്കളും  ചണമ്പും ഇടവിളയായി നാടുക.

രോഗങ്ങള്‍ .

കുമിള്‍ രോഗങ്ങള്‍

സിഗറ്റോഗ

 1. കാര്യമായി രോഗം ബാധിച്ച ഇലകള്‍ മുറിച്ചു മാറ്റി തീയിട്ടു നശിപ്പിക്കുക.
 2. രോഗത്തിന്റെ തീവ്രതയനുസരിച്ച് താഴെ പറയുന്നവ ഏതെങ്കിലും ആവശ്യാനുസരണം തളിക്കുക.

 

1)       പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ തന്നെ 1% ബോര്‍ഡോ മിശ്രിതം തളിച്ചു കൊടുക്കുക.ഇടവപ്പാതി കാലാരംഭാത്തിലാണ് രോഗം പ്രകടമാകുന്നത്.

2)     1% വീര്യമുള്ള പവര്‍ ഓയില്‍  / മിനറല്‍ ഓയില്‍ തളിക്കുന്നത് ഫലപ്രദമാണ്.

3)     സ്യൂഡോമോണസ് ഫ്ലുറസന്‍സ് 2% വീര്യത്തിലോ (20 ഗ്രാം / ലിറ്റര്‍ )ബാസിലസ് സബ്റ്റിലിസ്  5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലോ തളിച്ചു കൊടുക്കാം.

ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, ദുധ് സാഗര്‍ എന്നീ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ നടുക. നെന്ത്രയിനങ്ങളില്‍ മഞ്ചെരി നേന്ത്രന്‍ -2 ന് ഈ രോഗത്തിനെതിരെ പ്രതിരോധശേഷിയുണ്ട്.

പനാമവാട്ടം

 1. രോഗബാധിതമായ ചെടികള്‍ കന്നുകള്‍ ഉള്‍പ്പെടെ നശിപ്പിക്കുക.
 2. കുമ്മായം ഒരു കുഴിക്ക് 500 ഗ്രാം എന്ന തോതില്‍ ഇട്ടു കൊടുക്കുക.
 3. നടുന്ന സമയത്ത് കുഴിയൊന്നിനു വേപ്പിന്‍ പിണ്ണാക്ക് ഒരു കിലോ എന്ന തോതില്‍ ഇട്ട ശേഷം നനച്ചു കൊടുക്കുക.
 4. രോഗത്തിനെതിരെ താരതമ്യേന പ്രതിരോധ ശേഷിയുള്ള പാളയന്‍കോടന്‍, റോബസ്റ്, നേന്ത്രന്‍  എന്നീ ഇനങ്ങള്‍ നടുക.
 5. എ.എം.എഫ്. 500  ഗ്രാം, ട്രൈക്കോഡെര്‍മ ഹാര്സിയാനം  50 ഗ്രാം, സ്യൂഡോമോണസ് ഫ്ലുറസന്‍സ് 50 ഗ്രാം, പി ജി പി ആര്‍ -1 എന്നിവ ഫലപ്രദമാണ്.
 6. നടുന്നതിന് മുന്‍പ് നടീല്‍ വസ്തുക്കള്‍ 2% സ്യൂഡോമോണസില്‍ മുക്കി വയ്ക്കുക.

വൈറല്‍ രോഗങ്ങള്‍

കുറുനാമ്പ് രോഗം

          വാഴപ്പേനാണ്  ഈ രോഗത്തെ പരത്തുന്നത്.

 1. രോഗബാധയില്ലാത്ത കന്നുകള്‍ നടുക.
 2. രോഗം ബാധിച്ച ചെടികള്‍ പിഴുതു മാറ്റി നശിപ്പിച്ചു കളയുക.
 3. രോഗം പരത്തുന്ന കീടത്തിനെ നശിപ്പിക്കാന്‍ വേപ്പധിഷ്ടിത  കീടനാശിനി തളിച്ചു കൊടുക്കുക.
 4. വാഴപ്പേനിനെ നശിപ്പിക്കാന്‍ വെര്‍ട്ടിസീലിയം ലീക്കാനി എന്ന മിത്ര കുമിള്‍ തളിച്ചു കൊടുക്കുക.
 5. താരതമ്യേന രോഗ പ്രതിരോധ ശേഷിയുള്ള കര്‍പ്പൂരവള്ളി, കാഞ്ചികേല ഞാലിപ്പൂവന്‍, കൂമ്പില്ലാകണ്ണന്‍ എന്നീ ഇനങ്ങള്‍ കൃഷി ചെയ്യുക

കൊക്കാന്‍ രോഗം

വാഴപ്പേനാണ്  ഈ രോഗത്തെ പരത്തുന്നത്.

 1. രോഗബാധയില്ലാത്ത കന്നുകള്‍ നടുക.
 2. രോഗം ബാധിച്ച ചെടികള്‍ നശിപ്പിച്ചു കളയുക
 3. രോഗം പരത്തുന്ന കീടത്തിനെ നശിപ്പിക്കാന്‍ വേപ്പധിഷ്ടിത  കീടനാശിനി തളിച്ചു കൊടുക്കുക.

ഇലകളെ ബാധിക്കുന്ന വൈറസ് രോഗം

(ഇന്ഫെക്ഷ്യസ് ക്ളോറോസിസ് )

 1. രോഗബാധയില്ലാത്ത കന്നുകള്‍ നടുക.
 2. രോഗം ബാധിച്ച ചെടികള്‍ നശിപ്പിച്ചു കളയുക
 3. രോഗം പരത്തുന്ന കീടത്തിനെ നശിപ്പിക്കാന്‍ വേപ്പധിഷ്ടിത  കീടനാശിനി തളിച്ചു കൊടുക്കുക
 4. വാഴയുടെ ഇടവിളയായി വെള്ളരി വിളകള്‍ കൃഷി ചെയ്യുന്നത് ഒഴിവാക്കുക.