info@krishi.info1800-425-1661
Welcome Guest

Farming

വിത/നടീല്‍ കാലം

          നിലം നല്ലതുപോലെ ഉഴുത്  കട്ടകള്‍ ഉടച്ചു പരുവപ്പെടുത്തണം.  കുറ്റിപ്പയറിനങ്ങള്‍ 30x15 സെന്റീമീറ്റര്‍ അകലത്തിലും ചെറിയ തോതില്‍ പടരുന്നവ 45x30 സെന്റീമീറ്റര്‍ അകലത്തിലും നടാം.  പന്തലില്‍ കയറ്റേണ്ട ഇനങ്ങള്‍ 2x2 മീറ്റര്‍ അകലത്തിലും ( ഒരു കുഴിയില്‍ 3ചെടികള്‍ വീതം) കുത്തിപ്പടര്‍ത്തുന്നവ ഒന്നര മീറ്റര്‍ x45സെന്റീമീറ്റര്‍ അകലത്തിലുമാണ് നടെണ്ടത്

 വിത്ത് പരിചരണം

          വന്‍പയര്‍ വിത്തുകള്‍ റൈസോബിയം  പുരട്ടിയ ശേഷം നല്ലപോലെ പൊടിച്ച കക്കയുമായി  ചേര്‍ത്ത് ഒരാവരണമുണ്ടാക്കിയത്തിനു ശേഷം വിതയ്ക്കണം.

റൈസോബിയം പുരട്ടുന്ന വിധം.

          പായ്ക്കറ്റിന്റെ പുറത്തു ശുപാര്‍ശ ചെയ്തിട്ടുള്ള പയറുവര്‍ഗ്ഗ ഇനത്തിനു തന്നെ, പറഞ്ഞിരിക്കുന്ന അളവില്‍ മാത്രം റൈസോബിയം കള്‍ച്ചര്‍  ഉപയോഗിക്കുക.  പായ്ക്കറ്റില്‍ പറഞ്ഞിട്ടുള്ള കാലാവധി പ്രകാരം തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം .  നേരിട്ടുള്ള  സൂര്യപ്രകാശമോ, ചൂടോ റൈസോബിയം കള്‍ച്ചറില്‍ ഏല്‍ക്കാന്‍ പാടില്ല.  വിത്ത് അല്പം വെള്ളമോ അല്ലെങ്കില്‍ രണ്ടര ശതമാനം സ്റ്റാര്‍ച്ച് ലായനിയോ അല്ലെങ്കില്‍ കഞ്ഞിവെള്ളമോ ചേര്‍ത്ത്  റൈസോബിയം കള്‍ച്ചറുമായി നല്ലതുപോലെ എല്ലാ ഭാഗത്തും എത്തുന്ന തരത്തില്‍ കൂട്ടിയോജിപ്പിക്കണം  വിത്തിന്റെ ആവരണത്തിന് കേടു പറ്റാതെ ശ്രദ്ധിക്കുക.  ഈ വിത്തുകള്‍  വൃത്തിയുള്ള  കടലാസ്സിലോ , ചാക്കിലോ പരത്തി തണലിലുണക്കി ഉടനെ വിതയ്ക്കണം.  രാസവളങ്ങളുമായി യാതൊരു  കാരണവശാലും  റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്തുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല,  വിത്തിനെ പൊതിയുന്നതിനായി വെര്‍മി കമ്പോസ്റ്റും ഉപയോഗിക്കാം.

കുമ്മായത്തിന്റെ ആവരണമുണ്ടാക്കുന്നവിധം.

  1. 1.     നല്ലവണ്ണം പൊടിച്ച (300മെഷ്) കക്ക റൈസോബിയം കള്‍ച്ചര്‍  പുരട്ടിയ വിത്തുമായി ചേര്‍ത്ത് രണ്ട് മൂന്നു മിനിട്ട് സമയം വച്ചതിനു ശേഷം വിതയ്ക്കണം .  വിത്തിന് പുറമേ ഒരാവരണമുണ്ടാക്കാനാണിത് .  വിത്ത് വൃത്തിയുള്ള കടലാസ്സില്‍ പകര്‍ത്തി വെള്ളം വലിഞ്ഞതിനു ശേഷം വിതയ്ക്കാം  ഒരാഴ്ച്ച വരെ ഇത്തരം  വിത്ത് കേടുവരാതെ സൂക്ഷിക്കാം .  ഇതിനു വേണ്ട കക്കയുടെ അളവ് താഴെ കൊടുത്തിരിക്കുന്നു .

(എ) ചെറിയ വിത്തുകള്‍; ഒരു കിലോഗ്രാം/10 കിലോഗ്രാം പയര്‍ വിത്തിന്

(ബി) ഇടത്തരം വലുപ്പമുള്ളവയ്ക്ക്  0.6 കിലോഗ്രാം/10കിലോ പയര്‍ വിത്തിനു

(സി)  വലിയ വിത്തുകള്‍ക്ക്  ; 0.5 കിലോഗ്രാം /10 കിലോഗ്രാം പയര്‍വിത്തിന്

കുറിപ്പ്

  1. അമ്ലത്വം കൂടിയ മണ്ണിലാണ് കുമ്മായം ആവരണം ചെയ്ത വിത്ത്  വിതയ്ക്കേണ്ടത് .
  2. സാധാരണ കുമ്മായം അതിന്റെ കൂടിയ തരി വലുപ്പം മൂലം ആവരണമുണ്ടാക്കാന്‍ നല്ലതല്ല .
  3. ചുണ്ണാമ്പുംആവരണമുണ്ടാക്കാന്‍ ഉപയോഗിക്കരുത്
  4. കുമ്മായത്തിന്റെ ആവരണം ചെറിയ സമ്മര്‍ദ്ദങ്ങളെ ചെറുക്കാന്‍ തക്ക ശേഷിയുള്ളതാകണം.  ആവരണത്തിന്റെ പുറത്ത് കുമ്മായത്തരികളുണ്ടാകാന്‍ പാടില്ല.
  5. കുമ്മായവുമായി ചേര്‍ത്ത വിത്ത് രാസവളത്തിന്റെ കൂടെ ഉപയോഗിക്കാം .  എന്നാല്‍ കൂടുതല്‍ സമയം രാസവളവുമായി ചേര്‍ത്ത് വയ്ക്കരുത് .
  6. ഈര്‍പ്പമുള്ള  മണ്ണില്‍ മാത്രമേ ഇത്തരം വിത്ത്  വിതയ്ക്കാവൂ

വളപ്രയോഗം

കാലിവളം 20ടണ്ണ്‍ /ഹെക്ടറിന്

കുമ്മായം 250 കിലോഗ്രാം/ഹെക്ടര്‍ അല്ലെങ്കില്‍ ഡോളോമൈറ്റു400കിലോഗ്രാം/ഹെക്ടര്‍

കുമ്മായം ആദ്യ ഉഴവിനോടൊപ്പം തന്നെ മണ്ണില്‍ ചേര്‍ക്കണം,

ഇതു കൂടാതെ താഴെപ്പറയുന്ന  ഏതെങ്കിലും വളക്കൂട്ടുകള്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ് .

കാലിവളം/ചാണകം @ രണ്ടു ടണ്ണ്‍ /ഹെക്ടര്‍+റോക്ക് ഫോസ്ഫേറ്റ് 100കിലോ/ഹെക്ടര്‍

കമ്പോസ്റ്റ് @ 4ടണ്ണ്‍ /ഹെക്ടര്‍+ റോക്ക് ഫോസ്ഫേറ്റ്70 കിലോ /ഹെക്ടര്‍.

വെര്‍മി കമ്പോസ്റ്റ് @ 2ടണ്ണ്‍ /ഹെക്ടര്‍+റോക്ക് ഫോസ്ഫേറ്റ് 110കിലോ /ഹെക്ടര്‍

പച്ചിലകള്‍ @ 3.5ടണ്ണ്‍ /he+റോക്ക് ഫോസ്ഫേറ്റ്  50കിലോഗ്രാം/ഹെക്ടര്‍

കോഴി വളം @ ഒന്നര ടണ്ണ്‍ /ഹെക്ടര്‍ + റോക്ക് ഫോസ്ഫേറ്റ്  50 കിലോഗ്രാം/ഹെക്ടര്‍

( കുറിപ്പ് : ജൈവവളങ്ങളോടൊപ്പം ചേര്‍ക്കുമ്പോള്‍ റോക്ക്ഫോസ്ഫേറ്റിന്റെ അളവ് പകുതിയായി കുറയ്ക്കാം .  മുഴുവന്‍ റോക്ക് ഫോസ്ഫേറ്റും അടിവളമായി  നല്‍കേണ്ടതാണ് )

മറ്റുള്ള ജൈവ വളങ്ങള്‍ പല തവണകളായി  രണ്ടാഴ്ച് ഇടവിട്ട് നല്‍കാവുന്നതാണ് .

ജീവാണുവളങ്ങള്‍

എ.എം.എഫ് /ഫോസ്ഫറസ് ലായക സൂക്ഷ്മാണുക്കള്‍ @ 1ഗ്രാം ഒരു ചെടിക്ക്  എന്ന  തോതില്‍ ചേര്‍ത്ത് കൊടുക്കുന്നത്  ഫോസ്ഫറസിന്റെ ലഭ്യത വര്‍ധിപ്പിക്കും.

വളര്‍ച്ച  ഉത്തേജകങ്ങള്‍ : വളര്‍ച്ചാ ഉത്തേജകങ്ങളായ  പഞ്ചഗവ്യം , വേര്മിവാഷ്  എന്നിവ രണ്ടാഴ്ചയിലൊരിക്കല്‍ ഇലകളില്‍ തളിച്ചു കൊടുക്കുന്നത് വിളവ്‌ വര്‍ധിപ്പിക്കും .

മറ്റു പരിപാലന മുറകള്‍

          മേല്‍ വളമിട്ടതിനു ശേഷം മണ്ണിളക്കി കൊടുക്കുന്നത് നല്ല വേരോട്ടത്തിനും അത് വഴി നല്ല വളര്‍ച്ചയ്ക്കും സഹായിക്കും . ചെടികള്‍ക്ക് വളര്‍ച്ച കൂടുതലുള്ള സമയത്ത് വള്ളികളുടെ തല നുള്ളിക്കളയുന്നത്  വിളവ്‌ വര്‍ധിപ്പിക്കുന്നതിന് സഹായകമാണ് .  പടര്‍ന്നു വളരുന്ന ഇനങ്ങള്‍ക്ക് വള്ളി വീശാന്‍ തുടങ്ങുമ്പോള്‍ത്തന്നെ  പന്തല്‍ കെട്ടി പടരാനുള്ള സൗകര്യം  നല്‍കണം .

ജലസേചനം:

           വെള്ളത്തിന്റെ സ്ഥിരമായ ലഭ്യത ഉറപ്പുവരുത്തുക.  അധികമായ ജലസേചനം കായിക വളര്‍ച്ച കൂട്ടുമെന്നതിനാല്‍ ഒഴിവാക്കുക.  പൂവിടുന്ന സമയത്തുള്ള കൃത്യമായ ജലസേചനം പൂക്കളും കായ്കളുമുണ്ടാകുന്നതിന് സഹായകമാകും .

 

സസ്യ സംരക്ഷണം

കീടങ്ങള്‍

  1. 1.     മുഞ്ഞ

പയറിന്റെ പ്രധാനപ്പെട്ട നീരൂറ്റിക്കുടിക്കുന്ന  കീടമാണ്‌ മുഞ്ഞ.  വേപ്പധിഷ്ടിത കീടനാശിനി  4 മില്ലി /ലിറ്റര്‍  എന്നയളവില്‍ രണ്ടാഴ്ചയിലൊരിക്കല്‍  തളിച്ചു കൊടുക്കുക.  ഫ്യുസേറിയം  പാലിഡോറോസിയം  എന്ന മിത്ര കുമിള്‍ മുഞ്ഞയെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കാം .  മുഞ്ഞ ബാധ കണ്ടാലുടനെ തവിടില്‍ വളര്‍ത്തിയ കുമിള്‍ 3 കിലോഗ്രാം/400  ചതുരശ്ര മീറ്റര്‍  എന്ന തോതില്‍ ഉടന്‍ ഉപയോഗിക്കേണ്ടതാണ് .   ഒറ്റത്തവണ പ്രയോഗിച്ചാല്‍  മതിയാകും .  നാറ്റപ്പൂ ചെടിസത്ത് ഒരു ലിറ്റര്‍ +60 ഗ്രാം സോപ്പ് +അര ലിറ്റര്‍ വെള്ളത്തില്‍ തയ്യാറാക്കിയ ലായനി പത്തു തവണ നേര്‍പ്പിച്ച്  തളിക്കാവുന്നതാണ് .  പുകയില കഷായവും വളരെ ഫലപ്രദമാണ് .

          കാഞ്ഞിരത്തിന്റെ ചാറും സോപ്പും ചേര്‍ത്ത് തയ്യാറാക്കിയ ലായനി നേര്‍പ്പിച്ച് തളിക്കാം .

  1. 2.     ഇലച്ചാടികളും വെള്ളീച്ചകളും

വേപ്പിന്‍ കുരു സത്ത് 5 ശതമാനം  തളിക്കുക.

  1. 3.      ചിത്രകീടം

പയറിന്റെ ഏറ്റവും പ്രധാന ഈ കീടത്തെ നിയന്ത്രിക്കുന്നതിന് താഴെപ്പറയുന്ന  ഏതെങ്കിലും  മാര്‍ഗ്ഗം അവലംബിക്കാം.

(എ)  കീടത്തിന്റെ മറ്റു സ്രോതസ്സുകളായ കളകളെ നശിപ്പിക്കുക.

(ബി)വേപ്പെണ്ണ /മരോട്ടി എണ്ണ/ ഇലിപ്പയെണ്ണ രണ്ടര ശതമാനം വീര്യത്തില്‍ ആവശ്യാനുസരണം ഉപയോഗിക്കുക.

(സി)  താരതമ്യേന പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക.

  1. 4.    കായ് തുരപ്പന്‍

ഗോമൂത്രം 100  മില്ലീ 900 മില്ലീ വെള്ളത്തില്‍ ചേര്‍ക്കുക.  ഒപ്പം 5 ഗ്രാം കായവും 10 ഗ്രാം കാന്താരി മുളക് സത്തും കൂടി ചേര്‍ത്ത് തളിക്കുക.

 വേപ്പിന്‍ പിണ്ണാക്ക് 250ഗ്രാം/ഹെക്ടര്‍  പൂവിടുന്ന സമയത്ത് ഉപയോഗിക്കുക. വേപ്പിന്‍ കുരു സത്ത് 5 ശതമാനം തളിക്കുക.

  1. 5.    ഇല ചുരുട്ടി

ഇലച്ചുരുളുകള്‍  ശേഖരിച്ചു പുഴുക്കളെ നശിപ്പിക്കുക.

  1. 6.    പയര്‍ ചാഴി

വലയുപയോഗിച്ച് വണ്ടിന്റെ വിവിധ ദശകളെ ശേഖരിച്ചു നശിപ്പിക്കുക.

ഇലകള്‍ നനച്ചു കൊടുക്കുക. , കളകളെ നശിപ്പിക്കുക.

അമൃത്‌ നീം 5 മില്ലീ/ലിറ്റര്‍ തളിച്ചു കൊടുക്കുക.

നിംബിസിഡിന്‍  രണ്ടു മില്ലി /ലിറ്റര്‍ അല്ലെങ്കില്‍ നീമസാല്‍ രണ്ടു മില്ലി/ലിറ്റര്‍ അല്ലെങ്കില്‍ വേപ്പിന്‍ കുരു സത്ത് 5 ശതമാനം തളിച്ചു കൊടുക്കുക.  ബിവേരിയ  ഉപയോഗിക്കുക.

  1. 7.    പയറിന്റെ തണ്ടീച്ച

ആക്രമണം രൂക്ഷമായ സ്ഥലങ്ങളില്‍ വിത്തിന്റെ തോത് കൂട്ടുക.

  1. റെഡ് സ്പൈഡര്‍മൈറ്റ് (ചുവന്ന ചിലന്തി /മണ്ഡരി )

വേപ്പെണ്ണ 5 ശതമാനം അല്ലെങ്കില്‍ വേപ്പെണ്ണ-വെളുത്തുള്ളി  സത്ത് രണ്ടു ശതമാനം /മീനെണ്ണ സോപ്പ് ലായനി രണ്ടര ശതമാനം പ്രയോഗിക്കുക.

  1.  വേരുബന്ധ നിമവിരയും റെനിഫോം  നിമാവിരയും

കമ്മ്യൂണിസ്റ്റ്പച്ചയില /വേപ്പില ഹെക്ടറിന് 15 ടണ്ണ്‍ എന്ന തോതില്‍ വിതയ്ക്കുന്നതിനു രണ്ടാഴ്ച്ച മുന്‍പേ  മണ്ണില്‍ ചേര്‍ക്കുക.

  1. 10.  പയര്‍ വണ്ട്‌

   ഒരു കിലോ പയര്‍  വിത്തില്‍ 1.മി.ലി. നിലക്കടല എണ്ണയോ വെളിച്ചെണ്ണയോ പുരട്ടി സൂക്ഷിക്കുക.  പയര്‍ വിത്ത് സൂക്ഷിക്കുന്ന സമയത്ത്  100 കിലോഗ്രാം വിത്തിന്  1 കിലോ ഗ്രാം എന്ന  തോതില്‍ വയമ്പിന്റെ ഉണക്കിപ്പൊടിച്ച കിഴങ്ങ് ചേര്‍ക്കുക.

രോഗങ്ങള്‍

  1. 1.     മണ്ണില്‍  കൂടി പകരുന്ന രോഗങ്ങളും നിമാവിരകളും

 150  ഗേജ് കട്ടിയുള്ള സുതാര്യമായ പോളിത്തീന്‍ ഷീറ്റുകള്‍ ഉപയോഗിച്ച് സൂര്യതാപീകരണം  നടത്തുക.  നല്ല വേനല്‍ക്കാലത്ത് മണ്ണു ചെറുതായി നനച്ച ശേഷം ഈ ഷീറ്റുകള്‍ കൊണ്ടാവരണം ചെയ്യുക.  മണ്ണിന്റെ താപനില 52 സെല്‍ഷ്യസ് വരെ ഉയരും .  ഈ പ്രയോഗം രണ്ടാഴ്ച തുടരുക.    ഉയര്‍ന്ന താപനില മൂലം  മണ്ണിലെ കുമിള്‍ ബാക്ടീരിയ , നിമാവിരകള്‍ , കളവിത്തുകള്‍  എന്നിവ നശിക്കും. ഒരു ശതമാനം സ്യുഡോമോണസ്സോ മണ്ണില്‍ ഒഴിച്ചുകൊടുക്കുന്നത് വിളകളെ കുമിള്‍ രോഗങ്ങളില്‍ നിന്നും  സംരക്ഷിക്കും .

  1. 2.    കട ചീയലും വെബ് ബ്ലൈറ്റും

വേപ്പിന്‍ പിണ്ണാക്ക് 250  കിലോഗ്രാം /ഹെക്ടര്‍  ചേര്‍ക്കുക.

മണ്ണിലെ ഈര്‍പ്പാംശം  കുറുയ്ക്കുക.  ട്രൈക്കോഡര്‍മ  സമ്പുഷ്ടമായ ജൈവാ വളം ഉപയോഗിക്കുക.  മണ്ണില്‍ രണ്ടു ശതമാനം സ്യുഡോമോണസ് ലായനി ഒഴിച്ചു കൊടുക്കുക.

  1. 3.    ഫ്യൂസേറിയം  വാട്ടം

നടുന്നതിനു മുമ്പ് കുഴികളില്‍ വിളയാവശിഷ്ടങ്ങള്‍ കത്തിക്കുക.  രോഗബീധിതമായ ചെടികള്‍ വേരോടെ പിഴുത് കത്തിച്ചു നശിപ്പിക്കുക.  ട്രൈക്കോഡര്‍മ  വിരിദൈ രണ്ട് ഗ്രാം ഒരു കിലോ വിത്തിന്  എന്ന തോതില്‍ വിത്ത്  പരിചരണം നടത്തുന്നതിനോടൊപ്പം നട്ട് 30 ദിവസത്തിനു ശേഷം രണ്ടര കിലോ/ഹെക്ടറിന് എന്ന തോതില്‍  ചേര്‍ത്ത് കൊടുക്കേണ്ടതാണ്.  നടീല്‍ സമയത്ത്  വേപ്പിന്‍ പിണ്ണാക്ക് ഹെക്ടറിന് 150  കിലോ ഗ്രാം എന്ന തോതില്‍ ചേര്‍ത്ത് കൊടുക്കുന്നതും ഫ്യുസേറിയം വാട്ടം നിയന്ത്രിക്കുന്നതിന് സഹായിക്കും.  രണ്ടു കിലോഗ്രാം സ്യുഡോമോണസ്  ലായനി മണ്ണില്‍ തളിച്ച് കൊടുക്കുന്നതും നല്ലതാണ് .

  1. 4.      വേര് ചീയല്‍

 ട്രൈക്കോഡര്‍മ  വിരിഡ് @ 4 ഗ്രാം / , സ്യുഡോമോണസ് ഫ്ലൂറസന്‍സ് 10 ഗ്രാം / കിലോഗ്രാം എന്നിവയുപയോഗിച്ചുള്ള വിത്ത് പരിചരണം , വേപ്പിന്‍ പിണ്ണാക്ക് 250ഗ്രാം / ഹെക്ടര്‍ എന്ന തോതില്‍ മണ്ണില്‍ ചേര്‍ത്ത് കൊടുക്കല്‍  എന്നിവ വേര് ചീയലില്‍ നിന്ന് സംരക്ഷിക്കും.  രണ്ടു ശതമാനം സ്യുഡോമോണസ് 20 ഗ്രാം /ലിറ്റര്‍ ) മണ്ണിലൊഴിച്ചു കൊടുക്കുന്നതും നല്ലതാണ് .

സാധാരണ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

          ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിച്ചു കൊടുക്കുന്നത് കുമിള്‍ രോഗങ്ങളില്‍ നിന്നും വിലയെ രക്ഷിക്കും .