സാധാരണയായി വീട്ടുവളപ്പുകളില്‍ ഒരു ഇടവിളയായാണ് ചേമ്പ് കൃഷി ചെയ്യുന്നത്. മറ്റ് കിഴങ്ങ് വര്‍ഗവിളകളെപ്പോലെതന്നെ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചെമ്പ് കൃഷിക്കനുയോജ്യം. മേയ്-ജൂണ്‍ മാസങ്ങളാണ് നടാന്‍ പറ്റിയ സമയം. നനയുള്ള സ്ഥലങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം. ശ്രീശ്മി, ശ്രീപല്ലവി, ശ്രീകിരണ്‍ എന്നിവ കേന്ദ്ര വര്‍ഗ്ഗവിള ഗവേഷണ കേന്ദ്രത്തില്‍നിന്ന് പുറത്തിറക്കിയ മികച്ചയിനങ്ങളാണ്. അതിനോടൊപ്പം താമരക്കണ്ണന്‍ എന്ന ഇനവും നല്ല വിളവുതരുന്നതാണ്.
നടുന്നതിന് 25-35 ഗ്രാം തൂക്കം വരുന്ന ചേമ്പ് വിത്തുകള്‍ ഉപയോഗിക്കാം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടാന്‍ ഉദ്ദേശം 1200 കി.ഗ്രാം (37,000 എണ്ണം) വിത്ത് വേണ്ടിവരും. നിലം നല്ലപോലെ കിളച്ചിളക്കി 60 സെ.മി. അകലത്തില്‍ വാരങ്ങളുണ്ടാക്കി അതില്‍ 45 സെ.മി. അകലത്തില്‍ ചേമ്പ് നടാം. നട്ടതിനുശേഷം പുതയിടണം.
വളപ്രയോഗം.
നിലമൊരുക്കുന്ന സമയത്ത് ഒരു ഹെക്ടറിന് 12 ടണ്‍ എന്ന തോതില്‍ കാലിവളമോ കമ്പോസ്റ്റോ ഇടാം. പച്ചിലവളവിത്ത് (പയറ് / ചണമ്പ്) ഒരു ഹെക്ടറിന് 30 കിലോ എന്ന തോതില്‍ വിതയ്ക്കണം. പച്ചിലവളവിത്തിന് അടിസ്ഥാനവളമായി ഒരു ഹെക്ടറിന് 10 കിലോ ഭാവഗം (റോക്ക് ഫോസ്ഫേറ്റ്) ചേര്‍ക്കണം. 45 – 50 ദിവസം കഴിയുമ്പോള്‍ പൂവ് വരുന്ന സമയം പച്ചിലവളം ഉഴുത് ചേര്‍ക്കണം. അതോടൊപ്പം 4 ടണ്‍ കാലിവളം / 2 ടണ്‍ കോഴിവളം / 2 ടണ്‍ മണ്ണിര കമ്പോസ്റ്റ് / 2 ടണ്‍ ചകിരിച്ചോര്‍ കമ്പോസ്റ്റ് / 2 ടണ്‍ സിറ്റി കമ്പോസ്റ്റ് + 1500 ചാരം ചേര്‍ക്കണം.
പച്ചിലവളം ഉഴുത് ചേര്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പകരമായി ഒരു ഹെക്ടറിന് 5 ടണ്‍ കാലിവളവും 500 കിലോ ചാരവും എന്ന തോതില്‍ നല്‍കുക. പി.ജി.പി.ആര്‍. മിശ്രിതം 1:19 കൂടി കാലിവളത്തോടൊപ്പം ചേര്‍ക്കണം.
ഇടയിളക്കല്‍
നട്ട് 30 – 45 ദിവസത്തിനുശേഷവും 60 – 75 ദിവസത്തിനുശേഷവും ഇടയിളക്കി കളയെടുത്ത് മണ്ണ് കൂട്ടികൊടുക്കണം. വിളവെടുപ്പിന് ഒരു മാസം മുമ്പ് ഇലകള്‍ നശിപ്പിച്ചു കളയണം.
ജലസേചനം
നടീല്‍ സമയം മണ്ണില്‍ ഈര്‍പ്പമുണ്ടാകണം. മുള ഒരുപോലെ വരാനായി നട്ട ഉടന്‍ നനയ്ക്കേണ്ടത് ആവശ്യമാണ്. ഒരാഴ്ച കഴിഞ്ഞ് വീണ്ടും നനയ്ക്കണം. ശേഷം 12 മുതല്‍ 15 ദിവസം കൂടുമ്പോള്‍ ജലസേചനം ആവര്‍ത്തിക്കണം. വിളവെടുപ്പിന് 3-4 ആഴ്ചകള്‍ക്ക് മുമ്പ് ജലസേചനം നിര്‍ത്തിവയ്ക്കണം.
സസ്യ സംരക്ഷണം.
ചേമ്പിന് സാധാരണ കാണുന്ന കുമിള്‍രോഗം (ബ്ലൈറ്റ്) നിയന്ത്രിക്കുന്നതിനായി 1-2% സ്യൂഡോമോണാസ് ലായനി തളിക്കുക. മുഞ്ഞയുടെ ആക്രമണണ്ടെങ്കില്‍ പുകയില കഷായം തളിക്കണം. ഇലതീനിപ്പുഴുക്കല്‍ക്കെതിരെ 10% ഗോമൂത്രം + 10% കാന്താരിമുളക് എന്നിവ തളിക്കേണ്ടതാണ്.
വിളവെടുപ്പ്
5-6 മാസമാകുമ്പോള്‍ വിളവെടുക്കാന്‍ സമയമാകും . മണല്‍ വിരിച്ച തറയില്‍ നിരത്തിയിട്ട് കിഴങ്ങുകള്‍ അഴുകാതെ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ സൂക്ഷിക്കുന്ന വിത്തുകള്‍ നടാനായി ഉപയോഗിക്കാവുന്നതാണ്.