info@krishi.info1800-425-1661
Welcome Guest
Crops » vegetables

Vegetables

പച്ചക്കറി സംസ്കരണം

പച്ചക്കറികള്‍ ഏററവുംസ്വാദിഷ്ടമായ നിലയില്‍ വളരെകുറച്ച് ദിവസമേ ഇരിയ്ക്കൂ. അതിനെയാണ് സംസ്കരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കേരളത്തില്‍ കൃഷിചെയ്യുന്ന പച്ചക്കറികള്‍ പലതും ഒരു പ്രത്യേകസീസണില്‍ മാത്രം വിളവുതരുന്നവയാണ്. ആവശ്യക്കാര്‍ കുറവാകുന്നതുകാരണം കര്‍ഷകന് ഉദ്ദേശിച്ച വിലയും ലഭിയ്ക്കുന്നില്ല.

 പച്ചക്കറി സംസ്ക്കരണത്തിന്റെ വിവിധമാര്‍ഗ്ഗങ്ങള്‍



നിര്‍ജ്ജലീകരണം

സൂര്യപ്രകാശത്തിലോ, കൃത്രിമമായി ഡ്രയറുകളിലോ ജലാംശം നീക്കി ഉണക്കി സൂക്ഷിയ്ക്കുന്ന രീതിയില്‍ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയും രാസാഗ്നികളുടെ പ്രതിപ്രവര്‍ത്തനവും നിയന്ത്രണവിധേയമാക്കാം. വൃത്തിയായി കഴുകല്‍, ബ്ലാഞ്ചിങ്ങ്, സള്‍ഫൈററിങ്ങ്, ഉണക്കല്‍, എന്നിവയാണ് നിര്‍ജ്ജലീകരണത്തിന്‍റെ വിവിധഘട്ടങ്ങള്‍.

ശീതീകരണം

താഴ്ന്ന താപനിലയില്‍ പച്ചക്കറികളിലെ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയും രാസപ്രവര്‍ത്തനങ്ങളും സാവധാനത്തിലാകുന്നു. അതിനാല്‍ പച്ചക്കറികളും അവയുടെ ഉല്‍പന്നങ്ങളും ശീതീകരണികളില്‍ കൂടുതല്‍ നാള്‍ കേടുകൂടാതെ സൂക്ഷിക്കാം.

ചൂടാക്കല്‍വഴി ജീവാണുനാശം

പച്ചക്കറികള്‍ ക്യാനുകളിലോ,കുപ്പികളിലോ,റീട്ടോര്‍ട്ടബിള്‍ പൗച്ചസിലോ ആക്കി സീല്‍ ചെയ്തശേഷം പ്രഷര്‍കുക്കറിലോ, ഓട്ടോക്ലേവ്, റീട്ടോര്‍ട്ട് എന്നിവയിലോ, നൂറുഡിഗ്രിയോ അതിലധികമോ, ഊഷ്മാവില്‍ താപമേല്‍പ്പിച്ച് അവയിലെ സൂക്ഷ്മാണുക്കളെ പരിപൂര്‍ണ്ണമായി നശിപ്പിക്കാം.

സംരക്ഷകവസ്തുക്കള്‍ ചേര്‍ത്ത് പരിരക്ഷണം

പ്രകൃതിദത്തമായ സംരക്ഷകവസ്തുക്കളോ,രാസസംരക്ഷകവസ്തുക്കളോ ഉപയോഗിച്ച് പച്ചക്കറി ഉത്പന്നങ്ങള്‍ സംരക്ഷിക്കാം.

1955ലെ ഫലവര്‍ഗ്ഗ ഉല്പന്നനിയമത്തിന്‍റെ സാധ്യത ലഭിച്ചിട്ടുള്ള രാസസംരക്ഷകവസ്തുക്കളാണ് സള്‍ഫര്‍ഡയോക്സൈഡും, ബെന്‍സോയിക് ആസിഡും  ഇവയുടെ പല ലവണങ്ങളും രാസസംരക്ഷകവസ്തുക്കളായി ഉപയോഗിക്കാന്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. നിയന്ത്രിത അളവുകളില്‍ ഇവ മനുഷ്യന്‍റെ ആരോഗ്യത്തിനു ഹാനി വരുത്തുകയില്ല. സൂക്ഷ്മജീവികളുടെ വളര്‍ച്ചയെ തടയുകയുംചെയ്യും.

എഫ്.പി..നിബന്ധനകള്‍ അനുസരിച്ച് വേണം ഓരോ ഉല്പന്നത്തിലും ഇവ ചേര്‍ക്കുന്ന അളവ് നിശ്ചയിക്കാന്‍. ഉദാ:-സ്ക്വാഷ്-350 പി.പി.എം സള്‍ഫര്‍ഡയോക്സൈഡ്.

കിണ്വനം/പുളിപ്പിക്കല്‍

പച്ചക്കറി പള്‍പ്പില്‍ (തക്കാളി, മത്തന്‍, പൊട്ടുവെളളരി, ബീറ്ററൂട്ട്) പഞ്ചസാരയും വൈന്‍യീസ്ററും ചേര്‍ത്ത് കിണ്വനംവഴി വൈന്‍ തയ്യാറാക്കാം. വീഞ്ഞില്‍ അടങ്ങിയ ആല്‍ക്കഹോള്‍ അതിനെ സൂക്ഷ്മാണുക്കളില്‍നിന്നും സംരക്ഷിക്കുന്നു. കിണ്വനം വഴി ഉല്‍പാദിപ്പിക്കുന്ന മറ്റൊരു ഉല്‍പന്നമാണ് വിനീഗര്‍.

അണുപ്രസരണം

അണുപ്രസരണങ്ങളേല്പിച്ച്പച്ചക്കറികള്‍ അണുവിമുക്തമാക്കാം. സവാള, ഉരുളകിഴങ്ങ്, തുടങ്ങിയ പച്ചക്കറികളില്‍ സംഭരണസമയത്തു മുളവരുന്നത് തടയാനും അണുപ്രസരണം ഉപയോഗിച്ചുവരുന്നു.

പച്ചക്കറി ഉല്‍പന്നങ്ങള്‍

  • അച്ചാര്‍

പച്ചക്കറികളില്‍നിന്നും തയ്യാറാക്കുന്ന പ്രധാന ഉല്‍പന്നം അച്ചാറുകളാണ്പച്ചക്കറികള്‍ കഴുകി വൃത്തിയാക്കി, മുറിച്ച് 1-2 മിനിററ് ആവികയററി ഉപ്പ്, മുളകുപൊടി, സുഗന്ധവ്യജ്ഞനങ്ങള്‍ٹഗര്‍, നല്ലെണ്ണ എന്നിവ ചേര്‍ത്തു അച്ചാര്‍ തയ്യാറാക്കുന്നു. അച്ചാറുണ്ടാക്കാന്‍ അനുയോജ്യമായ പച്ചക്കറികളാണ് വെളുത്തുള്ളി, മത്തന്‍, വഴുത പാവല്‍, കോവല്‍, വെളുത്തുളളി,മത്തന്‍,വഴുതിന,ചേമ്പിന്‍താള്‍ തുടങ്ങി.ٹ

  • കൊണ്ടാട്ടം

പച്ചക്കറികള്‍ സുലഭമായി ലഭ്യമാകുന്ന അവസരത്തില്‍ അവ ഡ്രയറുകളിലോ, സൂര്യപ്രകാശത്തിലോ, ഉണക്കി ദീര്‍ഘകാലം സൂക്ഷിക്കാം. പാവല്‍,പയര്‍,വെണ്‍,കൊത്തമര, മുളക്,കൂര്‍ക്ക, ചേന, പീച്ചില്‍, കോവല്‍, ചേമ്പിന്‍താള്‍, മണിത്തക്കാളി, നിത്യവഴുതന തുടങ്ങി വിവിധ ഇനം പച്ചക്കറികള്‍ ജലാംശം കളഞ്ഞ്,ഉണക്കി സൂക്ഷിക്കാം. പിന്നീട് ആവശ്യാനുസരണം എണ്ണയില്‍ വറുത്തെടുത്ത് ഉപയോഗിക്കാം.

  • ജാം

തക്കാളി,മത്തന്‍,തണ്ണിമത്തന്‍, തുടങ്ങിയ പച്ചക്കറികള്‍ ജാമുണ്ണ്ടാക്കാന്‍ അനുയോജ്യമാണ്ഇവയുടെ പള്‍പ്പില്‍ തുല്യഅളവില്‍ പഞ്ചസാര ചേര്‍ത്ത് ടി.എസ്സ്.എസ്സ്.(പഞ്ചസാരയുടെ തോത്) 68 ശതമാനം ആകുന്നതുവരെ സാവധാനം കുറുക്കിയെടുക്കുന്നതാണ് ജാം.

  • സോസ്

തക്കാളി പള്‍പ്പില്‍ സുഗന്ധവ്യജ്ഞനങ്ങള്‍ ചേര്‍ത്തു കുറുക്കിയെടുത്താണ് സോസ് തയ്യാറാക്കുന്നത്. പച്ചമുളകില്‍നിന്നും ഗ്രീന്‍ചില്ലിസോസ് തയ്യാറാക്കുന്നു.

  • ശീതളപാനീയം

പത്തുശതമാനം വീതം പഞ്ചസാരയും പള്‍പ്പും ചേര്‍ത്ത് തയ്യാറാക്കുന്ന ഉല്‍പ്പന്നമാണ് ശീതളപാനീയം. തക്കാളി, തണ്ണിമത്തന്‍,പൊട്ടുവെള്ളരി,തുടങ്ങിയ പച്ചക്കറികളില്‍നിന്നും ഏറെ സ്വാദിഷ്ടമായ പാനീയങ്ങളുണ്ടക്കാം.

  • വീഞ്ഞ്

പച്ചക്കറിയുടെ പള്‍പ്പില്‍ പഞ്ചസാരയും യീസ്ററും ചേര്‍ത്ത് പുളിപ്പിച്ചുണ്ടക്കുന്ന സ്വല്പം ലഹരിദായകവും എന്നാല്‍ പോഷകസമൃദ്ധവുമായ ഒരു പാനീയമാണ് വീഞ്ഞ്. തക്കാളി, ബീറ്റ്റൂട്ട്, പൊട്ടുവെളളരി, മത്തന്‍, തണ്ണിമത്തന്‍ തുടങ്ങിയ പച്ചക്കറികള്‍ വീഞ്ഞുണ്ടാക്കാന്‍ അനുയോജ്യമാണ്. വൈനില്‍ 8-10 ശതമാനം ചാരായം (ആല്‍ക്കഹോള്‍) അടങ്ങിയിരിക്കുന്നു. വൈനിലെ ചാരായത്തിന്‍റെ അംശമാണ് പരിരക്ഷകവസ്തുവായി പ്രവര്‍ത്തിക്കുന്നത്.

  • ചങ്ക്സ്

പഞ്ചസാര,ഉപ്പ്,തുടങ്ങിയ ലവണങ്ങളുടെ ഉയര്‍ന്ന സാന്ദ്രതയുള്ള ലായനിയില്‍ പച്ചക്കറികള്‍ കഷ്ണങ്ങളാക്കി 12-48 മണിക്കൂര്‍ മുക്കിവെച്ച് അവ ഭാഗികമായി ഉണക്കുന്നു. തുടര്‍ന്ന് ഡ്രയറുകളിലോ, സൂര്യപ്രകാശത്തിലോ, ഉണക്കല്‍ പൂര്‍ത്തിയാക്കുന്നു. മത്തന്‍, കുമ്പളം, കാരററ് തുടങ്ങിയ പച്ചക്കറികളാണ് ചങ്ക്സ് ഉണ്ടക്കാന്‍ ഉപയോഗിക്കുന്നത്.

  • ചിപ്സ്

കപ്പ, ഉരുളന്‍കിഴങ്ങ്, ചേന, ചേമ്പ് തുടങ്ങിയ പച്ചക്കറികള്‍ മുറിച്ച് എണ്ണയില്‍ വറുത്ത് ചിപ്സ് തയ്യാറാക്കുന്നു.

  • ഹല്‍വ

പള്‍പ്പില്‍ പഞ്ചസാരയും നെയ്യും ചേര്‍ത്ത് വരട്ടിയെടുത്ത് മത്തന്‍, കുമ്പളം, വെളളരി, കാരററ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികളില്‍നിന്നും ഹല്‍വയുണ്ടക്കാം.

  • കാന്‍ഡി

പച്ചക്കറികള്‍ കഷ്ണങ്ങളാക്കി പഞ്ചസാരയുടെ അളവ് പടിപടിയായി 70 ശതമാനമാക്കി ഉയര്‍ത്തിയശേഷം ഡ്രയറിലോ,വെയിലത്തോ,ഉണക്കിയുണ്ടക്കുന്ന ഉല്‍പന്നമാണ് കാന്‍ഡി. കുമ്പളങ്ങ,മത്തന്‍, തുടങ്ങിയ പച്ചക്കറികള്‍ കാന്‍ഡിയുണ്ടക്കാന്‍ വളരെ അനുയോജ്യമാണ്. ഉത്തരേന്ത്യയില്‍ വളരെ പ്രചാരമുളള ആഗ്രാപേത്ത യഥാര്‍ത്ഥത്തില്‍ കുമ്പളങ്ങ കാന്‍ഡിയാണ്.

കരോണ്ട പ്പഴം - സംസ്കരണം

  • ചെറി എന്ന പേരില്‍ നാം ബേക്കറികളില്‍നിന്നും വാങ്ങുന്നത് കരോണ്ട ചെടികളുടെ കായ്കള്‍ സംസ്കരിച്ചുണ്ടാക്കിയതാണ്. രണ്ട്-രണ്ടര മാസം പ്രായമായ കായ്കളാണ് സംസ്കരണത്തിന് അനുയോജ്യം.

    ചേരുവകള്‍

    കരോണ്ടപ്പഴം                             : 1.500 കി. ഗ്രാം

    പഞ്ചസാര                               : 1.250 കി. ഗ്രാം

    ചുണ്ണാമ്പ്                                   : 40 ഗ്രാം

    റാസ്പ്ബെറി റെഡ് കളര്‍             :100 മി.ഗ്രാം

    ഓറഞ്ച് റെഡ് കളര്‍                    :100 മി.ഗ്രാം

    സിട്രിക് അമ്ലം                             : 1 ഗ്രാം

    തയ്യാറാക്കുന്നവിധം

    1. പറിച്ചെടുത്ത കായ്കള്‍ കഴുകി വൃത്തിയാക്കിയതിനുശേഷം ഒരു മിനിററു തിളച്ച വെളളത്തില്‍ മുക്കി പിടിക്കുക.

    2. മൂര്‍ച്ചയുളള സ്റെറയിന്‍ലെസ് കത്തി ഉപയോഗിച്ച് കായ്കളുടെ ഒരു വശം മാത്രം നെടുകെ മുറിച്ച് വിത്തുകള്‍ ശ്രദ്ധയോടെ നീക്കം ചെയ്യുക.

    3. പുളിരസം നീക്കുന്നതിനായി കായ്കള്‍ നാല് ശതമാനം വീര്യമുള്ള ചുണ്ണാമ്പു ലായനിയില്‍ (40 ഗ്രാം നീററിയ ചുണ്ണാമ്പ് ഒരു ലിററര്‍ വെളളത്തില്‍ ലയിപ്പിച്ചത്)10-12 മണിക്കൂര്‍ ഇട്ടുവെയ്ക്കുക.

    4. കായ്കള്‍ പിന്നീട് ശുദ്ധജലത്തില്‍ നന്നായി കഴുകി എടുക്കുക.

    5. ആകര്‍ഷകമായ സ്വാദ് നല്‍കുന്നതിനായി കായ്കള്‍ പഞ്ചസാര ലായനിയില്‍ ഇട്ട് ലായനിയുടെ വീര്യം ക്രമേണ കൂട്ടിക്കൊണ്ടിരിക്കുക.

    6. ഇതിനായി 30-35% വീര്യമുളള പഞ്ചസാര ലായനി (350 ഗ്രാം പഞ്ചസാര 1ലിററര്‍ വെള്ള

    ത്തില്‍ ലയിപ്പിച്ചത്) തയ്യാറാക്കുക.

    7. ഇതില്‍ ഒന്നര ഗ്രാം കെ.എം.എസ്സ് എന്ന സംരക്ഷകവസ്തുവും, നിറം നല്‍കുന്നതിനായി ഓറഞ്ച് റെഡ്,റാസ്പ്ബെറി റെഡ് എന്നീ രാസവസ്തുക്കളും മേല്‍പറഞ്ഞ അളവില്‍ ചേര്‍ത്തു കൊടുക്കുക.

    8. കായ്കള്‍ ഒരുദിവസം മുഴുവനും ഈ ലായനിയില്‍ ഇട്ടുവെയ്ക്കണം.

    9. രണ്ടാം ദിവസം ലായനിയുടെ വീര്യം 40% ആയി ഉയര്‍ത്തണം. ഇതിനായി കായ്കള്‍ ലായനിയില്‍ നിന്നും മാററി, ലായനിയിലേക്ക് ഏകദേശം 15 ഗ്രാം പഞ്ചസാര ചേര്‍ത്ത് ലായനി ചൂടാക്കുക.

    10.ചെറു ചൂടോടുകൂടി തന്നെ കായ്കള്‍ ലായനിയില്‍ ഇട്ടുവെയ്ക്കുക.

    11.പഞ്ചസാര ലായനിയുടെ വീര്യം കുറയുന്നതിനനുസരിച്ച് ദിവസേന ഇത് ആവര്‍ത്തിക്കുക.

    12.ഒരു കി.ഗ്രാം പഞ്ചസാര ഉപയോഗിച്ചു കഴിയുമ്പോള്‍ ലായനിയില്‍ നിന്നും കായ്കള്‍മാററിയതിനുശേഷം അതില്‍ ഒരു ഗ്രാം സിട്രിക് അമ്ലം കൂടി ചേര്‍ത്ത് തിളപ്പിക്കുക.

    13.ചെറുചൂടോടെ ഈ ലായനിയില്‍ വീണ്ടും പഴങ്ങള്‍ ഇട്ടുവെയ്ക്കുക.

    14. പഞ്ചസാര ലായനിയുടെ വീര്യം 70% ആകുന്നതുവരെ ഇടയ്ക്കിടെ പഞ്ചസാര ചേര്‍ത്തു കൊണ്ടിരിക്കുക.

    15. ഏതാണ്ട് ഒരാഴ്ച പഴങ്ങള്‍ ലായനിയില്‍ സൂക്ഷിക്കുക.

    16. വേണ്ടത്ര നിറവും സ്വാദും ആയി കഴിഞ്ഞാല്‍ പഴങ്ങള്‍ സിറപ്പില്‍ നിന്നും വൃത്തിയുളള സ്ഫടികഭരണികളില്‍ സൂക്ഷിച്ചു ഉപയോഗിക്കുക. ബാക്കിവരുന്ന സിറപ്പ് (ലായനി) വീണ്ടും വീണ്ടും ഉപയോഗിക്കാവുന്നതാണ്.

    • ടൂട്ടി ഫ്രൂട്ടി.

     മൂപ്പെത്തിയ പപ്പായ സംസ്കരിച്ചുണ്ടാക്കുന്ന ഉല്പന്നമാണ് ടൂട്ടിഫ്രൂട്ടി.

    ചേരുവകള്‍

    പപ്പായ                                      : 500 ഗ്രാം

    പഞ്ചസാര                                 : 1.250 കി.ഗ്രാം

    സിട്രിക് അമ്ലം                              : 5 ഗ്രാം

    കെ.എം.എസ്സ്                             : 1ഗ്രാം

    ഓറഞ്ച് റെഡ് കളര്‍                         :100 മി. ഗ്രാം

    റാസ്പ്ബെറി റെഡ് കളര്‍                   :100 മി. ഗ്രാം

    തയ്യാറാക്കുന്ന വിധം

    1. നല്ലവണ്ണം മൂത്ത നേര്‍ത്ത മഞ്ഞനിറം കണ്ടുതുടങ്ങുന്ന പപ്പായ തെരഞ്ഞെടുക്കുക.

    2. തൊലിയും വിത്തുകളും നീക്കം ചെയ്ത് ഉദ്ദേശം 5 സെ.മീ.നീളവും വീതിയുമുളള ചതുര കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.

    3. ഈ കഷ്ണങ്ങള്‍ സ്ററീല്‍ ഫോര്‍ക്കുകൊണ്ട് മെല്ലെ കുത്തിയശേഷം ചുണ്ണാമ്പുവെളളത്തില്‍ ഏകദേശം 4 മണിക്കൂര്‍ ഇട്ടുവെയ്ക്കണം.(15ഗ്രാം ചുണ്ണാമ്പ് 1ലിററര്‍ വെളളത്തില്‍ ലയിപ്പിച്ചതില്‍).

    4. പിന്നീട് പപ്പായ കഷ്ണങ്ങള്‍, മൂന്നു നാലു തവണ ശുദ്ധജലത്തില്‍ കഴുകിയെടുക്കുക.

    5. അതിനുശേഷം പപ്പായ കഷ്ണങ്ങള്‍ ഒരു നൈലോണ്‍ വലയിലാക്കി തിളയ്ക്കുന്ന വെള്ളത്തില്‍ 3 മിനിററുനേരം മുക്കി പിടിയ്ക്കുക.

    6. തയ്യാറാക്കിയ പപ്പായ കഷ്ണങ്ങള്‍ 35 ശതമാനം വീര്യമുള്ള പഞ്ചസാര ലായനിയില്‍ (350 ഗ്രാം പഞ്ചസാര 650 ഗ്രാം വെളളത്തില്‍ ലയിപ്പിച്ചത്) ഇട്ടുവെക്കുക.

    7. പഞ്ചസാര ലായനി പുളിച്ചു പോകാതിരിക്കാന്‍ കെ.എം.എസ്സ്.എന്ന രാസസംരക്ഷക വസ്തു ഒരു കിലോഗ്രാം പഞ്ചസാര ലായനിക്ക് ഒന്നര ഗ്രാം എന്ന തോതില്‍ ചേര്‍ക്കുക.

    8. രണ്ടാമത്തെ ദിവസം പപ്പായ കഷ്ണങ്ങള്‍ ലായനിയില്‍ നിന്നും പുറത്തെടുത്തതിനുശേഷം ലായനിയിലേക്ക് ഏകദേശം 150 ഗ്രാം പഞ്ചസാര ചേര്‍ത്തു ചൂടാക്കുക.

    9.കഷ്ണങ്ങള്‍ക്ക് പിങ്ക് നിറം കൊടുക്കുന്നതിനായി ഓറഞ്ച്റെഡ്, റാസ്പ്ബെറി റെഡ് എന്നീ ഭക്ഷ്യനിറങ്ങള്‍ ഒരു കിലോഗ്രാം കഷ്ണങ്ങള്‍ക്ക് യഥാക്രമം അരഗ്രാം, ഒരുഗ്രാം, എന്നീ തോതില്‍ ചേര്‍ക്കുക.

    10. പഞ്ചസാര ലായനിയുടെ വീര്യം 70% ആകുന്നതുവരെ പഞ്ചസാര ചേര്‍ക്കല്‍ എല്ലാ ദിവ സവും ആവര്‍ത്തിക്കുക.

    11.മൂന്നാമത്തെ ദിവസം 1കി.ഗ്രാം സിറപ്പിന് 1 ഗ്രാം സിട്രിക് ആസിഡ് ചേര്‍ത്ത് ചൂടാക്കുക.

    12.സിറപ്പിന്‍റെ വീര്യം 70% ത്തിനു മുകളില്‍ തന്നെ കുറയാതെ നില്‍ക്കുന്നു എന്നു കണ്ടാല്‍ ഉല്പന്നം പഞ്ചസാര ലായനിയില്‍ ഒരാഴ്ച ഇട്ടുവെയ്ക്കുക.

    13.പിന്നീട് പഞ്ചസാര ലായനി അരിച്ചുമാററി കഷ്ണങ്ങള്‍ 0.5 സെ.മീ.നീളവും വീതിയും ഉളള കഷ്ണങ്ങളാക്കി മുറിക്കുക.

    14.ചെറുചൂടില്‍ കഷ്ണങ്ങള്‍ ഉണക്കാന്‍ വെയ്ക്കുക.

    15.ഈ കഷ്ണങ്ങള്‍ സ്ഫടികപാത്രങ്ങളിലോ, പോളിത്തീന്‍ ഉറകളില്‍ സീല്‍ ചെയ്തോ കാററു കടക്കാത്ത വിധം സൂക്ഷിക്കാം.

    1955ലെ ഫലവര്‍ഗ്ഗ ഉല്പ്പന്ന നിയമത്തിലെ നിബന്ധനകളനുസരിച്ച് വില്പനയ്ക്ക് തയ്യാറാക്കുന്ന ടൂട്ടിഫ്രൂട്ടിക്ക് താഴെ പറയുന്ന ഗുണനിലവാരങ്ങള്‍ ഉണ്ടയിരിക്കും.

    ടൂട്ടിഫ്രൂട്ടി ഉണ്ടാക്കുമ്പോള്‍ പഞ്ചസാര ഡെക്സ്ട്രോസ്, ദ്രവരൂപത്തിലുള്ള ഗ്ളൂക്കോസ്, സിട്രിക് അമ്ലം, ലയനശേഷിയുളള കാല്‍സ്യം ലവണങ്ങള്‍, അസ്കോര്‍ബിക് അമ്ലം. അംഗീകാരമുളള നിറങ്ങളും സംരക്ഷക വസ്തുക്കളും എന്നിവ മാത്രമേ ഉപയോഗിക്കാവൂ. അവസാനഘട്ടത്തില്‍ ടൂട്ടിഫ്രൂട്ടി അര്‍ദ്ധതാര്യമായിരിക്കണം. ഉല്പന്നം കരിഞ്ഞ നിറമോ മണമോ ഇല്ലാത്തതായിരിക്കണം. ടൂട്ടിഫ്രൂട്ടിയിലെ പഞ്ചസാരയുടെ അളവ് 70%-ല്‍ കുറയാന്‍ പാടില്ല. മൊത്തം പഞ്ചസാരയുടെ 25% എങ്കിലും ഗ്ളൂക്കോസോ ഫ്രക്റ്റോസോ പോലുളള ഘടകങ്ങളായിരിക്കണം

bitter gourd pickle

ആവിശ്യമായ സാധനങ്ങൾ

കൈപ്പക്ക /പാവയ്ക്ക

നല്ല എണ്ണ

കടുക്

പച്ചമുളക്

വെളുത്തുള്ളി

കായം

ജീരകം

മുളകുപൊടി

കോല്പ്പുള്ളി

ഉപ്പ്

പാവയ്ക്ക ചെറുതായി നല്ല എണ്ണയിൽ വറുത്തുകോരുക ബാക്കി വരുന്ന എണ്ണയിൽ കടുകു പൊട്ടിച്ചതിനുശേഷം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചതച്ച് ചേർത്ത് വഴറ്റുക ബ്രൗൺ നിറമാകുമ്പോൾ കായം ജീരകം ഇത്യാദി പൊടികൾ ചേർത്ത് വീണ്ടും ഇളക്കുക കോല്പ്പുള്ളി പിഴിഞ്ഞത് ഒഴിച്ചു തിളപ്പിക്കുക ശേഷം മുളകുപൊടി ഇടുക വറുത്തുവച്ച കൈപ്പയ്ക്കയും ഉപ്പും ചേർത്ത് ഇളക്കിയെടുക്കുക