നാളികേരത്തിന്റെ സ്വന്തം നാടാണ് കേരളം. നാളികേര ഉത്പാദനത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനവും ഉത്പാദനക്ഷമതയില്‍ രണ്ടാം സ്ഥാനവും നമുക്ക് സ്വന്തം. കേരളത്തിന്റെ കല്പവൃക്ഷമാണ് തെങ്ങ്. എല്ലാഭാഗങ്ങളും ഉപയോഗപ്പെടുത്താവുന്ന അപൂര്‍വ വൃക്ഷം. കേരളത്തിന്റെ നാളികേര ഉപയോഗത്തിന്റെ സിംഹഭാഗവും കൊപ്ര, വെളിച്ചെണ്ണ എന്നിവയായിട്ടാണ്. വിളഞ്ഞ നാളികേരം കേരളത്തില്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് രണ്ട് ശതമാനമാണെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ കണക്ക് . വെളിച്ചെണ്ണവില ഇടിഞ്ഞാല്‍ തേങ്ങാ വിലയും താഴോട്ടാവും. പതിനെട്ട് കോടിയോളം തെങ്ങുകളുള്ള കേരളത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണവും വിപണനവും വഴി തേങ്ങയ്ക്ക് സ്ഥിരവിലയും കര്‍ഷകര്‍ക്ക് സ്ഥിരവരുമാനവും ഉറപ്പുവരുത്തുവാന്‍ കഴിയും. നാളികേരോത്പാദനത്തിന്റെ ഇരുപത്തിയഞ്ച് ശതമാനമെങ്കിലും കരിക്കായും വിളഞ്ഞ നാളികേരത്തിന്റെ നാല്‍പത് ശതമാനമെങ്കിലും കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും പുറമെയുള്ള ഉത്പന്നങ്ങളുമാക്കാന്‍ കഴിയുകയും ചെയ്താല്‍ വിലസ്ഥിരത നേടാന്‍ കഴിയും.
നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍
തെങ്ങില്‍ നിന്നുള്ള മധുരക്കള്ള് പുളിക്കാന്‍ അനുവദിക്കാതിരുന്നാല്‍ അത് നീരയാകും. ശുദ്ധമായ മധുരക്കള്ള് വായുവിലെ അണുജീവികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പുളിക്കുന്നതും ആല്‍ക്കഹോള്‍ അടങ്ങിയ കള്ളായി മാറുന്നതും. എന്നാല്‍ മധുരക്കള്ള് പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണ്. ലോകത്ത് കിട്ടാവുന്നതില്‍ ഏറ്റവുമധികം രുചിയും ഔഷധഗുണവും പോഷകമൂല്യവുമുള്ള പ്രകൃതിദത്ത പാനീയമെന്ന് നീരയെ വിശേഷിപ്പിക്കാം. ഇത് മദ്യാശം തീരെയില്ലാത്തതും ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്നതുമാണ്
പ്രകൃതിയുടെ വരദാനമെന്ന് വിശേഷിപ്പിക്കാവുന്ന കരിക്കിന്‍ വെള്ളം പോഷകസമൃദ്ധമെന്നതിന് പുറമെ പരിശുദ്ധിയുടെ പ്രതീകവുമാണ്.ചെത്തിയൊരുക്കി സംസ്‌കരിച്ച (മിനിമല്‍ പ്രോസസ്സിംഗ്) കരിക്കുകള്‍ക്കും കയറ്റുമതി സാധ്യത ഏറെയാണ്. ഇങ്ങനെ സംസ്‌കരിക്കുന്ന കരിക്ക് 24 ദിവസം വരെ അഞ്ചു മുതല്‍ ഏഴു വരെ ഡിഗ്രി സെല്‍ഷ്യസ് ശീതീകരിച്ച അവസ്ഥയില്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.
മധുരപലഹാര നിര്‍മാണത്തിനും ഭക്ഷ്യവ്യവസായത്തിനും ഏറെ പ്രാധാന്യമുള്ള തേങ്ങാപ്പൊടി
പായ്ക്ക് ചെയ്ത തേങ്ങാപ്പാല്‍
കൊഴുപ്പകറ്റിയ ശേഷമുള്ള സ്‌കിംഡ് തേങ്ങാപ്പാല്‍
പശുവിന്‍ പാലിന് പകരം ഉപയോഗിക്കാവുന്ന കുപ്പിയിലാക്കിയ തേങ്ങാപ്പാല്‍,
തേങ്ങാപ്പാലില്‍ നിന്ന് ജലാംശം അകറ്റിയ തേങ്ങപ്പാല്‍ പൊടി
വിറ്റമിന്‍ ഇ സമ്പുഷ്ടമായ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍
കോക്കനട്ട് ഐസ്‌ക്രീം
കോക്കനട്ട് കരിക്കിന്‍വെള്ളവും കാമ്പും കലര്‍ത്തിയ കരിക്ക് പാനീയം (കോക്കനട്ട് ലസ്സി)
കോക്കനട്ട് ഹണി
ഗാഢ തേങ്ങാവെള്ളം ഉപയോഗിച്ചുള്ള കോക്കനട്ട് സ്‌പ്രെഡ്
ഗുണമേന്മയുള്ള വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ നിന്നാണ നാറ്റഡി കൊക്കോ നിര്‍മ്മിക്കുന്നത്. ഫൈബര്‍ കൂടുതലുള്ള നാറ്റാഡി കൊക്കോയില്‍ കൊളസ്‌ട്രോളില്ല. കൊഴുപ്പു കുറവാണ്.
തേങ്ങാവെള്ളത്തില്‍ നിന്നും തേങ്ങാപ്പാലില്‍ നിന്നും തയ്യാറാക്കാവുന്ന സസ്യവളര്‍ച്ചാ ഹോര്‍മോണായ കൊക്കോഗ്രോ
തേങ്ങാപ്പാല്‍ യോഗര്‍ട്
തേങ്ങ പഞ്ചസാര (പാം ഷുഗര്‍)
പുളിപ്പിച്ച തേങ്ങാവെള്ളം ഉപയോഗിച്ച് നിര്‍മിക്കുന്ന നാളികേര വിനാഗിരി
തെങ്ങിന്‍ തടിയില്‍ നിന്നുള്ളഉത്പന്നങ്ങള്‍.
ഒരു ലക്ഷം തേങ്ങ സംസ്‌കരിക്കുന്ന യൂണിറ്റില്‍ ഏഴര ടണ്‍ വെര്‍ജിന്‍ വെളിച്ചെണ്ണ, 9 ടണ്‍ തൂള്‍ തേങ്ങ, 11500 ലിറ്റര്‍ തേങ്ങാവെള്ളം, 16.5 ടണ്‍ സ്‌കിം മില്‍ക്ക്, 11.5 ടണ്‍ ചിരട്ട എന്നിവ ലഭിക്കുമെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ കണക്ക്. ചിരട്ടയില്‍ നിന്ന് ചിരട്ടപ്പൊടി, ചിരട്ടക്കരി, ആക്ടിവേറ്റഡ് കാര്‍ബണ്‍ എന്നിവയും നിര്‍മിക്കാം.
മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിറ്റുട്ട്, ബാംഗ്‌ളൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറി എന്നിവയുമായി ചേര്‍ന്നു നാളികേര വികസന ബോര്‍ഡ് ഗുണമേന്മയുള്ള പല മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്