ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം; സമൃദ്ധിയുടെ വിളവെടുപ്പ് തുടങ്ങി സെക്രട്ടേറിയറ്റിൽ സംസ്ഥാനതല ഉദ്ഘാടനം മന്ത്രിമാർ ചേർന്ന് നിർവ്വഹിച്ചു
Last updated on
Aug 21st, 2026 at 03:30 PM .
തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിലെ ഓരോ കുടുംബത്തിനും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികളും പൂക്കളും പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സംസ്ഥാനത്തുടനീളം നടപ്പാക്കിയ 'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം 2026' സമഗ്ര പച്ചക്കറി-പുഷ്പ ഉൽപ്പാദന യജ്ഞത്തിന്റെ സംസ്ഥാനതല വിളവെടുപ്പ് സെക്രട്ടേറിയറ്റ് അങ്കണത്തിൽ നടന്നു. ജൂൺ 5-ന് ആരംഭിച്ച പദ്ധതിയിലൂടെ സംസ്ഥാനത്താകെ മികച്ച ഉൽപ്പാദനം കൈവരിക്കാനായതായും, കേരളത്തെ ഭക്ഷ്യസുരക്ഷയിലും പച്ചക്കറി ഉൽപ്പാദനത്തിലും കൂടുതൽ സ്വയംപര്യാപ്തമാക്കുന്ന ജനകീയ കാർഷിക മുന്നേറ്റമായി ഈ പദ്ധതി മാറിയതായും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. സെക്രട്ടേറിയറ്റ് അങ്കണത്തിലെ മാതൃകാ പച്ചക്കറിത്തോട്ടത്തിലെ സംസ്ഥാനതല വിളവെടുപ്പ് ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ്, റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എന്നിവർ ചേർന്ന് നിർവഹിച്ചു.