സൂക്ഷ്മ ജലസേചന പദ്ധതികൾക്ക് 100 കോടി പദ്ധതിയുമായി കൃഷി വകുപ്പ്
Last updated on
Sep 26th, 2025 at 09:31 AM .
തിരുവനന്തപുരം: വേനൽക്കാലത്ത് ഉണ്ടാകാറുള്ള ജലക്ഷാമം പരിഹരിക്കുന്നതിന് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സൂക്ഷ്മ ജലസേചന പദ്ധതിയായ പ്രധാന മന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന ഓരോ തുള്ളിയിലും കൂടുതൽ വിളവ് (PDMC) കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തി സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് പഠനശാല ഉദ്ഘാടനം ചെയ്ത കാർഷികോത്പാദന കമ്മീഷണർ ഡോ. ബി അശോക് ഐ എ എസ്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ സംഘടിപ്പിച്ച പഠനശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യത്തിന് മഴ ലഭിക്കുന്ന സംസ്ഥാനമാണെങ്കിൽ പോലും പ്രതി ശീർഷ ജല ലഭ്യത താരതമ്യേനെ കുറവായതിനാൽ സൂക്ഷ്മ ജലശേഖരണ രീതികളുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്ന കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്. ചൂണ്ടിക്കാട്ടി. നാളികേരം, വാഴ, കശുമാവ് പുഷ്പ-ഔഷധ സസ്യങ്ങൾ തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക പ്രധാനപ്പെട്ട വിളകളിലും സൂക്ഷ്മ ജലസേചന രീതികൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ നടപ്പിലാക്കി സംസ്ഥാനത്തിന് ഈ മേഖലയിൽ ആകർഷകമായ ഒരു കുതിച്ചുചാട്ടം പ്രാവർത്തികമാക്കാൻ സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു.