തിരുവനന്തപുരം: കുളങ്ങൾ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുളങ്ങളും നെൽവയലുകളും ഭൂഗർഭ ജലത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനും പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്. ഒരേക്കർ നെൽവയൽ വർഷത്തിൽ 5 കോടി ലിറ്റർ ജലം സംഭരിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു കാലത്ത് നാടിന്റെ അഭിമാനവും ആ നാടിന്റെ സമൃദ്ധിയുടെയും സൂചനകളായിരുന്നു അവിടത്തെ കുളങ്ങൾ എന്നാൽ ഇന്ന് അവയിൽ പലതും നാശത്തിന്റെ വക്കിലാണ്. പ്രബുദ്ധർ എന്ന് പറഞ്ഞു നടക്കുന്ന നമ്മൾ തന്നെയാണ് ഇവയെ മലിനമാക്കുന്നതിനും വഴിയൊരുക്കുന്നത്. ഈ പ്രവണതയ്ക്ക് മാറ്റം ഉണ്ടാവണം. ഒരു കാലത്ത് കേരളത്തിലെ ജനതയുടെ ദാഹമകറ്റിയിരുന്ന നമ്മുടെ കുളങ്ങൾ കുടിവെള്ളത്തിന്റെ ബാങ്കുകളാണ്. അവയുടെ സംരക്ഷകരാകാൻ നമ്മൾ തയ്യാറാകണം മന്ത്രി കൂട്ടിചേർത്തു. ICMR പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇന്നുണ്ടാകുന്ന രോഗങ്ങളിൽ 56.4 ശതമാനവും അനാരോഗ്യകരമായ ഭക്ഷണക്രമം മൂലം ഉണ്ടാകുന്നതാണ്. ആരോഗ്യകരമായ ഭക്ഷണം എന്നത് ശുദ്ധജലത്തിന്റെ കൂടി കാര്യം പരിഗണിച്ചാണ്. അമൃത സരോവർ പദ്ധതിയിൽ 75 ലക്ഷം രൂപ വകയിരുത്തിയാണ് കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.